Headlines

അപകടമുണ്ടായാലും നടുറോഡിൽ വാഹനം നിർത്തരുത്, മുന്നറിയിപ്പുമായി ദുബൈ പോലീസ്

ദുബൈയിൽ വാഹനമോടിക്കുന്നവർ ഒരു കാരണവശാലും റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തരുതെന്ന് ദുബൈ പോലീസ് അഭ്യർഥിച്ചു. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ വാഹനം നടുറോഡിൽ നിർത്തുന്നത് അതീവ അപകടകരമായ നിയമലംഘനമാണെന്നും, ഇത് പലപ്പോഴും മരണങ്ങൾക്കും ഗുരുതര പരിക്കുകൾക്കും ഇടയാക്കുമെന്നും ദുബൈ പോലീസ് പറഞ്ഞു. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് കനത്ത പിഴ ലഭിക്കും. മതിയായ കാരണമില്ലാതെ വാഹനം നിർത്തുന്നതിന് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് 500 ദിർഹം അധിക പിഴയും ചേർന്ന് മൊത്തം 1,500 ദിർഹം പിഴ ചുമത്തും.

റോഡിന്റെ മധ്യത്തിൽ വെച്ച് കാർ കേടാകുകയും അത് റോഡിൽ നിന്ന് മാറ്റാൻ കഴിയാതെ വരികയും ചെയ്താൽ, ഡ്രൈവർമാർ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണം. അടുത്തെത്തുന്ന മറ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനായി വാഹനത്തിന് പിന്നിൽ സുരക്ഷിതമായ അകലത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം.

വാഹനം നിർത്തിയ ഉടൻ തന്നെ എല്ലാ യാത്രക്കാരുമായി റോഡിൽ നിന്ന് സുരക്ഷിതമായ ഒരിടത്തേക്ക് മാറിനിൽക്കണം. തുടർന്ന്, വാഹനത്തിന് സുരക്ഷ ഒരുക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും സഹായത്തിനായി പോലീസുമായി ബന്ധപ്പെടണം. മുൻകരുതലുകൾ ഇല്ലാതെ റോഡിന്റെ മധ്യത്തിൽ നിർത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാമെന്നും ദുബായ് പോലീസ് ഓർമ്മിപ്പിച്ചു.

Leave a Reply