ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും തങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടോ എന്നറിയാൻ സൗകര്യമൊരുക്കി ദുബായ് പോലീസ്. നിലവിലെ സ്മാർട്ട് ആപ്പിന്റെയും വെബ്സൈറ്റിന്റെയും നവീകരിച്ച പതിപ്പിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്ന ‘സീറോ ബ്യൂറോക്രസി’ പദ്ധതിയുടെ ഭാഗമാണിത്.
ദുബായ് പോലീസിന്റെ മൊബൈൽ ആപ്പിലെ ‘സർവീസസ്’ വിഭാഗത്തിലെ ‘എൻക്വയറീസ് ആന്റ് ഫോളോ അപ്പ്’ സെക്ഷനിൽ പ്രവേശിച്ച് ‘സർക്കുലാർസ് ആന്റ് ട്രാവൽ ബാൻ’ എന്നതിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ അറിയാൻ സാധിക്കും. ക്രിമിനൽ, ഫിനാൻഷ്യൽ സ്റ്റാറ്റസുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസിൽ യാത്രാവിലക്കുണ്ടെങ്കിൽ യാത്രയ്ക്ക് മുമ്പ് അത് തിരിച്ചറിയാൻ ഈ സേവനം സഹായിക്കും.
ഈ നവീകരിച്ച പതിപ്പിലൂടെ, വാടക തർക്കങ്ങൾ പോലുള്ള കാര്യങ്ങളിൽ പോലും പോലീസ് സ്റ്റേഷനുകളിലോ നീതിന്യായ സ്ഥാപനങ്ങളിലോ നേരിട്ട് പോകാതെ തന്നെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. തങ്ങളുടെ പേരിൽ ഏതെങ്കിലും റിപ്പോർട്ടുകളോ ക്രിമിനൽ/ഫിനാൻഷ്യൽ നടപടികളോ നിലവിലുണ്ടെങ്കിൽ ഏത് സ്ഥാപനത്തെ സമീപിക്കണം എന്ന് മനസ്സിലാക്കാനും ഈ സേവനം ഉപകരിക്കും. ദുബായ് പോലീസ് സ്മാർട്ട് ആപ്പിലോ, www.dubaipolice.gov.ae എന്ന വെബ്സൈറ്റിലോ ആവശ്യമായ വിവരങ്ങൾ നൽകിയാൽ നിമിഷങ്ങൾക്കകം ഫയൽ സ്റ്റാറ്റസ് ലഭ്യമാകും.

