ദുബായിലെ പൊതു പാർക്കിങ് സേവനദാതാക്കളായ പാർക്കിൻ, അവരുടെ ആപ്പിൽ പുതിയ രണ്ട് അക്കൗണ്ടുകൾ ഉടൻ അവതരിപ്പിക്കും. ‘ബിസിനസ് അക്കൗണ്ട്’, ‘ഫാമിലി അക്കൗണ്ട്’ എന്നിവയാണവ. കോർപ്പറേറ്റ് ഉപയോക്താക്കൾക്ക് പാർക്കിങ് മാനേജ്മെന്റ് എളുപ്പമാക്കാൻ ബിസിനസ് അക്കൗണ്ട് സഹായിക്കും. അതേസമയം, കുടുംബങ്ങൾക്ക് സുഗമമായ പാർക്കിങ് അനുഭവം നൽകാൻ ഫാമിലി അക്കൗണ്ട് ഉപയോഗിക്കാം. എല്ലാവർക്കും മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള പാർക്കിന്റെ പുതിയൊരു ചുവടുവെയ്പാണിത്.
പുതിയ പാർക്കിങ് സോണുകളും സേവനങ്ങളും
ഓഗസ്റ്റിൽ, അൽ ജദ്ദാഫ്, അൽ ഖൈൽ ഗേറ്റ്, അൽ ഖറാമ, അൽ ഖിസൈസ്, മദീനത്ത് ദുബായ്, അൽ മിലാഹിയ, അൽ കിഫാഫ് എന്നിവിടങ്ങളിൽ പാർക്കിൻ പുതിയ പാർക്കിങ് സോണുകൾ ആരംഭിച്ചിരുന്നു. ഈ സ്ഥലങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ ഉയർന്ന നിരക്കും, തിരക്കില്ലാത്ത സമയങ്ങളിൽ കുറഞ്ഞ നിരക്കും ഈടാക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. മിർദിഫിലും പുതിയ നിയന്ത്രിത പാർക്കിങ് സോണുകൾ വന്നിട്ടുണ്ട്. കൂടാതെ, ദുബായിലെ 59 പള്ളികളിലെ ഏകദേശം 2,100 പാർക്കിങ് സ്ഥലങ്ങളുടെ ചുമതല ഉടൻ പാർക്കിൻ ഏറ്റെടുക്കും. ഈ സ്ഥലങ്ങളിൽ, പ്രാർത്ഥനാ സമയങ്ങളിൽ ഒരു മണിക്കൂർ സൗജന്യ പാർക്കിങ് അനുവദിക്കും.
ഇന്ധന സേവന കമ്പനിയായ കഫുവുമായി സഹകരിച്ച് പാർക്കിൻ ആപ്പ് വഴി ഓൺ-ഡിമാൻഡ് ഇന്ധന വിതരണവും കാർ വാഷിങ് സേവനങ്ങളും ആരംഭിക്കാനും പദ്ധതിയുണ്ട്. പാർക്കിൻ ലോട്ടിൽ പാർക്ക് ചെയ്യുമ്പോൾ ഈ സേവനങ്ങൾ ബുക്ക് ചെയ്യാൻ കഴിയും. എസ്എംഎസ്, വാട്സ്ആപ്പ് വഴിയും കാർ വാഷിനായി അപേക്ഷിക്കാൻ സാധിക്കും. കഫു ആപ്പ് വഴിയും ഈ സേവനങ്ങൾ ലഭിക്കും.

