സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി ആരംഭിച്ച ‘ദുബൈ നൗ’ (Dubai Now) ആപ്ലിക്കേഷനിൽ പുതുതായി 70 ഡിജിറ്റൽ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ പ്ലാറ്റ്‌ഫോമിലെ ആകെ സേവനങ്ങളുടെ എണ്ണം 370 ആയി ഉയർന്നതായി ഡിജിറ്റൽ ദുബൈ അധികൃതർ അറിയിച്ചു. 2025-ൽ മാത്രം ആപ്പ് വഴി 57 ലക്ഷം പേയ്‌മെന്റ് ഇടപാടുകളാണ് നടന്നത്. ഇത് ആപ്പിന്റെ ജനപ്രീതിയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു.
അൻപതിലധികം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്രയധികം സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നത്. താമസക്കാർക്കും പൗരന്മാർക്കും അവരുടെ ഔദ്യോഗിക ഇടപാടുകൾ സമയലാഭത്തോടെ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഡിജിറ്റൽ ദുബൈ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൗസ സുവൈദാൻ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തത്സമയം വിശകലനം ചെയ്യുന്ന എ.ഐ (AI) ഡിജിറ്റൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളും ഈ ആപ്പിന്റെ പ്രത്യേകതയാണ്.
കഴിഞ്ഞ വർഷം 4,000 പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞതോടെ ആകെ ഉപയോക്താക്കളുടെ എണ്ണം 22 ലക്ഷമായി ഉയർന്നു. ‘മൈ സർവീസസ്’ എന്ന പുതിയ വിഭാഗത്തിലൂടെ കൂടുതൽ വ്യക്തിഗത സേവനങ്ങളും ‘ഡോക്യുമെന്റ്’ എന്ന വിഭാഗത്തിലൂടെ എമിറേറ്റ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, റെസിഡന്റ്സ് പെർമിറ്റുകൾ തുടങ്ങിയ ഔദ്യോഗിക രേഖകൾ ഡിജിറ്റലായി പരിശോധിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. സ്മാർട്ട് സിറ്റി എന്ന ദുബൈയുടെ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ മാറ്റങ്ങൾ വിലയിരുത്തപ്പെടുന്നത്.

