ദുബായിലെ വീടുകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിച്ച പാചക എണ്ണകളും കൊഴുപ്പുകളും ഇനിമുതൽ ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ജൈവ ഡീസലാക്കി മാറ്റും. ഇതിനായി ദുബായ് മുനിസിപ്പാലിറ്റി ഒരു പുതിയ പരിസ്ഥിതി സൗഹൃദ പദ്ധതി പ്രഖ്യാപിച്ചു. ഡുബാൽ ഹോൾഡിംഗിന്റെ ഉപസ്ഥാപനമായ ബയോഡ് ടെക്‌നോളജിയുമായി സഹകരിച്ചാണ് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്.
ഇതുസംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിയും ബയോഡ് ടെക്‌നോളജിയും കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണ പ്രകാരം, ദുബായിലുടനീളമുള്ള വീടുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും ഉപയോഗിച്ച പാചക എണ്ണകൾ, ഗ്രീസ്, കൊഴുപ്പുകൾ എന്നിവ ബയോഡ് ടെക്‌നോളജി ശേഖരിച്ച് പുനരുപയോഗിക്കാവുന്ന ജൈവ ഡീസലാക്കി മാറ്റും. ഈ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി എമിറേറ്റിലെ വീടുകളെയും റെസ്റ്റോറന്റുകളെയും ബന്ധിപ്പിച്ച് ഒരു പുതിയ ശൃംഖലയ്ക്ക് തുടക്കമിടും.
ബയോഡ് ഉത്പാദിപ്പിക്കുന്നത് ബി100 എന്ന ജൈവ ഡീസലാണ്. ഇത് അന്തരീക്ഷത്തിലെ കാർബൺ ബഹിർഗമനം കുറയ്ക്കാൻ വലിയ സഹായകമാകും. പാചക എണ്ണ സിങ്കിലൂടെ ഒഴുക്കിവിടുന്നത് തടയുന്നതിലൂടെ പരിസ്ഥിതിക്ക് ഹാനികരമാകുന്ന വസ്തുക്കളെ ഇല്ലാതാക്കാനും ഈ പദ്ധതിയിലൂടെ കഴിയും.
മുനിസിപ്പാലിറ്റിയുടെ ഓവുചാൽ, പുനരുപയോഗ ജല പദ്ധതികളുടെ വകുപ്പ് ഡയറക്ടർ ഫഹദ് അൽ അവദി, ബയോഡ് ടെക്‌നോളജി ബോർഡ് അംഗം യൂസുഫ് ബസ്താകി, ബയോഡ് ടെക്‌നോളജി സി.ഇ.ഒ ശിവ വിഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. നൂതന സാങ്കേതിക വിദ്യയും വ്യവസായ വൈദഗ്ധ്യവും ഉപയോഗിച്ചാണ് ഉപയോഗിച്ച പാചക എണ്ണകളെ ജൈവ ഡീസലാക്കി മാറ്റുന്നതെന്ന് ശിവ വിഗ് പറഞ്ഞു. യു.എ.ഇയുടെ ഹരിത സാമ്പത്തിക ലക്ഷ്യങ്ങളുമായി ഈ പദ്ധതിക്ക് യോജിപ്പുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതരും വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ പരിസ്ഥിതി ആഘാതം കുറയ്ക്കാനും, വാണിജ്യ അടുക്കളകൾക്കും റെസ്റ്റോറന്റുകൾക്കും മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും സാധിക്കും.

