Headlines

ടൂറിസ്റ്റുകളെ സുവനീർ പാസ്പോർട്ടുകൾ നൽകി സ്വീകരിക്കാൻ ദുബൈ എയർപോർട്ട്

വേനൽക്കാലത്ത് ദുബൈയിലെത്തുന്ന സഞ്ചാരികൾക്ക് നഗരത്തിലെ വിനോദ സഞ്ചാര അനുഭവങ്ങൾ കൂടുതൽ എളുപ്പത്തിലും ആകർഷകമായും പരിചയപ്പെടുത്തുന്നതിനായി പുതിയ സംരംഭത്തിന് തുടക്കമായി. ദുബൈ സർക്കാർ മീഡിയ ഓഫിസ് ക്രിയേറ്റിവ് വിഭാഗമായ ബ്രാൻഡ് ദുബൈ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സുമാ(ജി.ഡി.ആർ.എഫ്.എ)യി സഹകരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി, ദുബൈ എയർപോർട്ടിലൂടെ എത്തുന്ന കുടുംബ സന്ദർശകരെ ആകർഷകമായ ‘സുവനീർ പാസ്പോർട്ടുകൾ’ നൽകി സ്വീകരിക്കും.

പ്രത്യേകിച്ചും, കുട്ടികളെ ആകർഷിച്ചുകൊണ്ട് ദുബൈ എയർപോർട്ടിലെ അവരുടെ എമിഗ്രേഷൻ കൗണ്ടറിൽ ഇതിന്റെ വിതരണം സജീവമാണ്. ഈ പാസ്പോർട്ടുകൾ ദുബൈയിലെ വൈവിധ്യമാർന്ന വേനൽ വിനോദങ്ങളെ രസകരവും ആകർഷകവുമായ രീതിയിൽ പരിചയപ്പെടുത്തും. പാസ്പോർട്ടിൽ നൽകിയ ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ സന്ദർശകർക്ക് ദുബൈ ഡെസ്റ്റിനേഷൻസ് വെബ്സൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കും.

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ദുബൈ ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭം. ദുബൈയിലെ വേനൽക്കാലം പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന സംവേദനാത്മക ഗൈഡുകളും പ്രത്യേക യാത്രാ പദ്ധതികളും ലഭ്യമാണ്. നഗരത്തിലെ മികച്ച ആകർഷണങ്ങൾ, വിനോദ കേന്ദ്രങ്ങൾ, അടക്കമുള്ളവയെ കുറിച്ച് സമഗ്ര വിവരങ്ങൾ ഇതിലൂടെ ലഭിക്കും. ദുബൈയുടെ ടൂറിസം സാധ്യതകൾ ലോകമെമ്പാടുമുള്ള സന്ദർശകരിലേക്ക് എത്തിക്കുന്നതിനും, അവരുടെ ദുബൈ യാത്ര കൂടുതൽ അവിസ്മരണീയമാക്കുന്നതിനും ഈ സംരംഭം സഹായകമാകുമെന്ന് ജി.ഡി.ആർ.എഫ്.എ പ്രതീക്ഷ പ്രകടിപ്പിച്ചു.

കുടുംബങ്ങളോടൊപ്പം ദുബൈ സന്ദർശിക്കുന്നവർക്ക് വേനൽക്കാലത്ത് ആസ്വദിക്കാൻ കഴിയുന്ന നിരവധി ഇൻഡോർ ആകർഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഈ പാസ്പോർട്ടിലൂടെയും വെബ്സൈറ്റിലൂടെയും ലഭ്യമാണ്.

Leave a Reply