Headlines

വിജയ്നെക്കുറിച്ച് മിണ്ടരുത്; നേതാക്കൾക്ക് വിലക്കുമായി ഡിഎംകെ

തമിഴക വെട്രി കഴകം നേതാവ് വിജയ്നെക്കുറിച്ച് മിണ്ടരുതെന്ന് നേതാക്കളോട് ഡിഎംകെ. മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ്, ടിവികെയെയും വിജയിനെക്കുറിച്ചും സംസാരിക്കുന്നതിൽ നിന്ന് ഡിഎംകെ നേതൃത്വം വിലക്ക് ഏർപ്പെടുത്തിയത്. ഇത്തരമൊരു വിലക്കുള്ളതായി തമിഴ്നാട് ടെക്സ്റ്റൈൽസ് മന്ത്രി ആർ ഗാന്ധി സ്ഥിരീകരിച്ചു.

ഈ മാസം 20, 21 തീയതികളിലായി ചേർന്ന ഡിഎംകെ ജില്ലാ നേതൃയോഗങ്ങൾക്ക് മുന്നോടിയായാണ് പാർട്ടി ഭാരവാഹികൾക്ക് വാട്സ് ആപ്പിലൂടെ വിലക്ക് സന്ദേശങ്ങൾ നൽകിയത്. യോഗങ്ങളിൽ പാർട്ടി പ്രവർത്തകർ, തമിഴ്നാട് തല കുനിക്കാൻ ഞാൻ അനുവദിക്കില്ല എന്ന പ്രതിജ്ഞയും എടുത്തു. കാഞ്ചീപുരം സൗത്ത് ജില്ലാ യോഗത്തിലാണ് ടിവികെയെക്കുറിച്ച് പറയുന്നതിൽ വിലക്കുണ്ടെന്ന് മന്ത്രി ഗാന്ധി വ്യക്തമാക്കിയത്.

അവർ (ടിവികെ ) നമ്മളെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ നമുക്ക് പ്രതികരിക്കാൻ വിലക്കുണ്ട്. മന്ത്രി ഗാന്ധി പറഞ്ഞു. തിരുവാരൂരിൽ നടന്ന യോഗത്തിൽ ഡിഎംകെ പ്രിൻസിപ്പൽ സെക്രട്ടറി കെ എൻ നെഹ്റുവും വിലക്കിന്റെ കാര്യം സൂചിപ്പിച്ചു. വിജയുടെ റാലികളിലെ ജനക്കൂട്ടത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെ വലിയ തോതിൽ പാർട്ടി പ്രവർത്തകരെയാണ് പാർട്ടി പൊതുസമ്മേളനങ്ങളിൽ പങ്കെടുപ്പിച്ചിരുന്നത്. പങ്കെടുത്ത് പ്രവർത്തകർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നന്ദി പറഞ്ഞു.

‘സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കേന്ദ്രം ഉണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങളോട് വിശദീകരിക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധ മാറാനിടയാക്കും. അതിനാൽ ആ വിഷയത്തിൽ തന്നെ ഉറച്ചു നിൽക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ‘. തമിഴക വെട്രി കഴകത്തെക്കുറിച്ചുള്ള പ്രസ്താവന വിലക്കിനെക്കുറിച്ച് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി വിശദീകരിച്ചു.

Leave a Reply