നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ യെമനിൽ ഇന്നും തുടരും. കൊല്ലപ്പെട്ട യെമനി യുവാവ് തലാൽ മഹ്ദിയുടെ കുടുംബവുമായി സൂഫിപണ്ഡിതൻ ഉമർ ഹഫീളിന്റെ പ്രതിനിധികളാണ് ചർച്ച നടത്തുന്നത്. കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ അഭ്യർഥനയെ തുടർന്നാണ് ഉമർ ഹഫീള് വിഷയത്തിൽ ഇടപ്പെട്ടത്. വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചതിനാൽ ചർച്ചകൾക്ക് കൂടുതൽ സമയം ലഭിക്കുമെന്ന് പ്രതിനിധി സംഘം അറിയിച്ചു.സർക്കാർ തലത്തിൽ സാധ്യമായത് എല്ലാം നടപ്പിലാക്കാൻ ശ്രമിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധി പകർപ്പ് ആധികാരികം തന്നെയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വിധി പകർപ്പിന്റെ ആധികാരികതയിൽ ആർക്കും സംശയം വേണ്ടെന്നും ഉത്തരവ് സനായിലെ കോടതിയുടെത് തന്നെയാണെന്നും ഓഫീസ് അറിയിച്ചു. വിധി പകർപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതിനെതിരെയാണ് കാന്തപുരത്തിന്റെ ഓഫീസ് രംഗത്തെത്തിയത്.
കാന്തപുരത്തിന്റെ വാട്ടർ മാർക്ക് പതിപ്പിച്ചതാണ് ചിലർ വിവാദം ആക്കുന്നത്. കാന്തപുരം ഒന്നും ചെയ്തില്ലെന്ന പ്രചാരണം വന്നപ്പോഴാണ് വാട്ടർമാർക്ക് ഇടാൻ തീരുമാനിച്ചത്. വാട്ടർ മാർക്ക് ഇല്ലാതെ പുറത്തുവിട്ടാൽ മറ്റുള്ളവർ അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.

