Headlines

കൊച്ചിയിൽ നിരാശ; കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം തോൽവി

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി. സ്വന്തം മൈതാനമായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി എഫ്.സിയോടാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കൊമ്പന്മാർ പരാജയം രുചിക്കുന്നത്. 47-ാം മിനിറ്റിൽ ലാൽ റിൻസുവാല ചാങ്‌ത്തെയാണ് മുംബൈയുടെ വിജയഗോൾ നേടിയത്.

മത്സരഗതി: ഒമർ ബാ, വിക്ടർ ബർത്തോമ്യു, മാർലോൺ എന്നീ മൂന്ന് വിദേശതാരങ്ങളെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 26-ാം മിനിറ്റിൽ മുംബൈക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും പെരേര ഡയസിന്റെ കിക്ക് തകർപ്പൻ സേവിലൂടെ ഗോൾ കീപ്പർ അർശ് സിങ് തടുത്തിട്ടു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പിഴച്ചു. മുംബൈ താരം തൊടുത്ത ഷോട്ട് ഒമർ ബായുടെ ദേഹത്ത് തട്ടി ലാൽ റിൻസുവാല ചാങ്‌ത്തെയുടെ കാലിലെത്തുകയും താരം പന്ത് അനായാസം വലയിലാക്കുകയും ചെയ്തു. സമനില ഗോളിനായി കെവിൻ യോക്ക്, അജ്‌സൽ, എബിൻദാസ്, മത്യാസ് ഹെർനാണ്ടസ് എന്നിവരെ പരിശീലകൻ കളത്തിലിറക്കിയെങ്കിലും ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല.

ഈ തോൽവിയോടെ രണ്ട് മത്സരങ്ങളിൽ നിന്നും പോയിന്റൊന്നുമില്ലാതെ ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറ് പോയിന്റുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഫെബ്രുവരി 28-ന് ഇന്റർ കാശിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Leave a Reply