Headlines

അകാലത്തിൽ വിട ചൊല്ലിയ പ്രതിഭ; ഡീഗോ ജോട്ടയ്ക്ക് മരണാനന്തര ബഹുമതി

സ്‌പെയിനിലുണ്ടായ കാറപകടത്തിൽ അകാല മരണം സംഭവിച്ച പോർച്ചുഗൽ, ലിവർപൂൾ താരം ഡീഗോ ജോട്ടയ്ക്കു മരണാനന്തര ആദരവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വൂൾവ്‌സ്. വൂൾവ്‌സിന്റെ ഹാൾ ഓഫ് ഫെയ്മിൽ ജോട്ടയേയും ഉൾപ്പെടുത്തി.

‘ഡീഗോ ജോട്ടയെ വൂൾവ്‌സിന്റെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തി. ക്ലബിനു വേണ്ടി അദ്ദേഹം ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഫുട്‌ബോളിൽ അദ്ദേഹം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തിനു കൂടിയുള്ള ആദരമാണിത്’- ക്ലബ് കുറിപ്പിൽ വ്യക്തമാക്കി.

കരിയറിൽ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കെയാണ് താരം 28ാം വയസിൽ അപകടത്തിൽ മരിച്ചത്. താരത്തിനൊപ്പം സഹോദനും ഫുട്‌ബോൾ താരവുമായ ആൻഡർ സിൽവയും ജീവിതത്തോടു വിട പറഞ്ഞിരുന്നു. ഈ മാസം ആദ്യമാണ് അപകടമുണ്ടായത്.

വൂൾവ്‌സിൽ നിന്നാണ് ജോട്ട ലിവർപൂളിലെത്തിയത്. താരം 2017ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്നു ലോണിലാണ് വൂൾവ്‌സിൽ കളിക്കാനെത്തിയത്. താരം എത്തുമ്പോൾ ടീം രണ്ടാം ഡിവിഷനായ ചാംപ്യൻഷിപ്പിൽ കളിക്കുകയായിരുന്നു.

ആ സീസണിൽ ടീമിനെ പ്രീമിയർ ലീഗിൽ തിരിച്ചെത്തിക്കുന്നതിൽ നിർണായകമായത് ജോട്ടയായിരുന്നു. സീസണിൽ ടീമിനായി 17 ഗോളുകളാണ് ജോട്ട അടിച്ചുകൂട്ടിയത്. ടീമിനായി 131 മത്സരങ്ങൾ കളിച്ച ജോട്ട 44 ഗോളുകളും നേടി. 2020ലാണ് താരം ലിവർപൂളിലേക്ക് ചേക്കേറിയത്.

Leave a Reply