കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു ചാടിപ്പോയ കൊലപാതക കേസ് പ്രതിക്കായി മൂന്നാംദിനവും തിരച്ചിൽ തുടരുന്നു. ദൃശ്യ കൊലപാതക കേസിലെ പ്രതി വിനീഷിനായുള്ള തിരച്ചിലാണ് ഊർജിതമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇയാൾ എവിടേക്ക് കടന്നുവെന്നത് സംബന്ധിച്ച് ഒരു സൂചനയും പോലീസിന് കിട്ടിയിട്ടില്ല. കുതിരവട്ടം ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയാണ്. ഇയാളുടെ വീടും ബന്ധുക്കളുമെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ടത്.
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 2021 ജൂണിലായിരുന്നു എൽഎൽബി വിദ്യാർഥിനിയായിരുന്ന 21കാരി ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. പിന്നീട് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 10ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇയാൾ 2022ലും മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് കർണാടകയിലെ ധർമസ്ഥലയിൽ വച്ച് നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. നേരത്തെ ജയിലിൽ ആത്മഹത്യാശ്രമവും പ്രതി നടത്തിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

