കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. വയനാട് സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി തൂക്കുകയർ ശിക്ഷയായി വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെ കാമുകനായ പ്രബീഷും ഇയാളുടെ വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. 2021 ജൂലൈ 10-നാണ് അനിതയുടെ മൃതദേഹം പൂക്കൈതയാറിൽ കണ്ടെത്തിയത്.
വിവാഹിതനായ പ്രബീഷ്, തന്റെ സുഹൃത്തായ രജനിയുമായും കൊല്ലപ്പെട്ട അനിതയുമായും അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിനിടെ അനിത ഗർഭിണിയായി. ബന്ധത്തിൽ നിന്ന് പിന്മാറാൻ പ്രബീഷ് നിർബന്ധിച്ചെങ്കിലും അനിത സമ്മതിച്ചില്ല. തുടർന്ന്, പാലക്കാട് ജോലി ചെയ്തിരുന്ന അനിതയെ രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
ഇവിടെ വെച്ച് അനിതയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക സമയത്ത് ശബ്ദം പുറത്തു വരാതിരിക്കാൻ രജനി സഹായിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം പൂക്കൈതയാറിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു.
കേസിലെ രണ്ടാം പ്രതിയായ രജനി ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം, പിന്നീട് ലഹരിമരുന്ന് കേസിൽ പോലീസിന്റെ പിടിയിലായിരുന്നു. എൻഡിപിഎസ് കേസിൽ നിലവിൽ ഒഡീഷയിലെ ജയിലിലാണ് രജനിയുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

