വിഷ സിറപ്പ് കമ്പനിക്ക് പൂട്ടിട്ട് തമിഴ്നാട് സർക്കാർ; ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ലൈസൻസ് റദ്ദാക്കി

ഇരുപതോളം കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന ‘കോൾഡ്രിഫ്’ എന്ന ചുമ സിറപ്പ് നിർമ്മിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനിക്ക് തമിഴ്നാട് സർക്കാർ പൂട്ടിട്ടു. കമ്പനിയുടെ നിർമ്മാണ ലൈസൻസ് പൂർണ്ണമായും റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടു.

ഗുണനിലവാരത്തിലെ ഗുരുതര വീഴ്ചകളാണ് നടപടിക്ക് കാരണം. മരുന്ന് നിർമ്മാണത്തിൽ കമ്പനി ശാസ്ത്രീയമായ രീതികളോ മികച്ച ലബോറട്ടറി സൗകര്യങ്ങളോ പാലിക്കുന്നില്ലെന്ന് അധികൃതർ കണ്ടെത്തി. പരിശോധനയിൽ, ലോകാരോഗ്യ സംഘടനയുടെ (WHO) അനുവദനീയമായ പരിധി (0.1%) യേക്കാൾ വളരെ ഉയർന്ന അളവിൽ, 48.6 ശതമാനം അപകടകരമായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷാംശം കഫ് സിറപ്പിൽ അടങ്ങിയിരുന്നതായി സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് സ്ഥിരീകരിച്ചു.

കമ്പനിക്കെതിരെ 300-ൽ അധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായും തമിഴ്നാട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷ സിറപ്പ് രാജ്യത്തുടനീളം കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സാഹചര്യത്തിൽ, കമ്പനി ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റിന് പിന്നാലെയാണ് ലൈസൻസ് റദ്ദാക്കാനുള്ള നിർണായക സർക്കാർ ഉത്തരവ് വന്നത്. കൂടാതെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നേരത്തെ പരിശോധന നടത്തിയ കമ്പനിയാണ് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ മറ്റ് മരുന്ന് നിർമ്മാണ സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply