തൃശൂർ പേരാമംഗലത്ത് ബൈക്ക് യാത്രക്കിടെ ഹോൺ മുഴക്കിയതിനെ തുടർന്നുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. സംഭവത്തിൽ അച്ഛനും മകനും സുഹൃത്തും ഉൾപ്പെടെ മൂന്നുപേർക്ക് കുത്തേറ്റു. മുണ്ടൂരിലെ പച്ചക്കറിക്കടയിലെ ജീവനക്കാരനും കേച്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ കൃഷ്ണ കിഷോറിനെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30-നാണ് സംഭവം നടന്നത്. കൈപ്പറമ്പ് ഗ്രൗണ്ടിൽ ബാഡ്മിന്റൺ കളിച്ച ശേഷം രണ്ട് സ്കൂട്ടറുകളിലായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പേരാമംഗലം സ്വദേശികളായ ബിനീഷ്, മകൻ അഭിനവ്, സുഹൃത്ത് അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. വഴിയിൽ ബൈക്ക് പാർക്ക് ചെയ്ത് നിൽക്കുകയായിരുന്ന പ്രതിയുടെ ബൈക്കിന് സമീപമെത്തിയപ്പോൾ അഭിജിത്ത് ഹോൺ മുഴക്കിയതാണ് തർക്കത്തിന് തുടക്കമിട്ടത്. തുടർന്ന് പുറകിൽ വന്ന മറ്റൊരു സ്കൂട്ടറിലുണ്ടായിരുന്ന ബിനീഷും മകൻ അഭിനവും ഇടപെട്ടതോടെ കൃഷ്ണ കിഷോർ പ്രകോപിതനായി മൂന്നുപേരെയും കുത്തുകയായിരുന്നു.
സംഭവത്തിനുശേഷം ബൈക്ക് ഉപേക്ഷിച്ച് കാറിൽ വാളയാർ ചെക്ക് പോസ്റ്റ് വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിക്കായി പേരാമംഗലം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പോലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു എന്ന് മനസ്സിലാക്കിയ കൃഷ്ണ കിഷോർ സ്വമേധയാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

