തലയ്ക്കടിച്ച് കൊല​​പ്പെടുത്തിയ ശേഷം കഴുത്തിൽ കുരുക്കിട്ട് പുറത്തെത്തിച്ചു: കൊച്ചിയിൽ കണ്ടെത്തിയ മൃതദേഹം ലൈംഗിക തൊഴിലാളിയുടേതെന്ന് പൊലീസ്

കൊച്ചിയിലെ കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടുവളപ്പിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമയായ ജോർജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സ്ത്രീ ഒരു ലൈംഗിക തൊഴിലാളിയാണെന്നും, പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ, മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ്, ശരീരത്തിന്റെ പകുതി ഭാഗം ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹവും, അതിനരികിൽ മതിലിനോട് ചാരിയിരിക്കുന്ന ജോർജിനെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് ജോർജിനെയും കൂട്ടി വീട് പരിശോധിച്ചപ്പോൾ രക്തക്കറകളും, കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിലെ മുറിവുകളും കണ്ടതോടെയാണ് ഇത് കൊലപാതകമാണെന്ന് പോലീസിന് ബോധ്യമായത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ജോർജ് കുറ്റം സമ്മതിച്ചത്. ഇയാൾ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് ലൈംഗിക തൊഴിലാളിയായ സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും പോലീസ് വ്യക്തമാക്കി. വീട്ടിലെത്തിയ ശേഷം പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, കയ്യിൽ കിട്ടിയ ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകം പുറത്തറിയാതിരിക്കാൻ, മൃതദേഹം ചാക്കിലാക്കി റോഡിൽ കൊണ്ടിടാൻ ജോർജ് ശ്രമിച്ചു. കഴുത്തിൽ കയർ കെട്ടി മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോകുന്നതിനിടെ മദ്യലഹരിയിലായിരുന്ന ജോർജ് കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ ഹരിതകർമസേനാംഗങ്ങൾ മാലിന്യം ശേഖരിക്കാനെത്തിയപ്പോഴാണ് മൃതദേഹത്തിനടുത്ത് മതിലിൽ ചാരി ഉറങ്ങുന്ന ജോർജിനെ കണ്ടെത്തിയത്. മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജോർജ് കുറേക്കാലമായി ഇവിടെ ഒറ്റയ്ക്കാണ് താമസം. ഭാര്യ മകളുടെ വീട്ടിലും മകൻ വിദേശത്തുമാണ്. ജോർജിന്റെ വീട്ടിൽനിന്ന് ശബ്ദം കേട്ടിരുന്നതായി വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി മൊഴി നൽകിയിട്ടുണ്ട്. രാവിലെ ഹരിതകർമസേനാംഗങ്ങൾ ചോദിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നായിരുന്നു ജോർജിന്റെ മറുപടി. മൃതദേഹം കണ്ടെത്തുമ്പോൾ അത് നഗ്നമായിരുന്നുവെന്നും, ജോർജ് മദ്യലഹരിയിലായിരുന്നുവെന്നും കൗൺസിലർ പോലീസിനോട് പറഞ്ഞു. കൂടാതെ, ജോർജ് പലരോടും ചാക്ക് അന്വേഷിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply