സൈബർ തട്ടിപ്പിലൂടെ 2.67 കോടി രൂപ കവർന്ന കേസിൽ മൂന്നു യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗൾഫിൽ ജോലി ചെയ്തിരുന്ന മാന്നാർ സ്വദേശായ മുതിർന്ന പൗരനെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട ശേഷം, സെക്യോള ക്യാപിറ്റൽ സ്റ്റോക്ക് ട്രേഡിംഗ് ഡിപ്പാർട്മെന്റ് എന്ന സ്ഥാപനത്തിന്റെ സിഇഒ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ഓൺലൈൻ ട്രേഡിങ് നടത്തി വൻ ലാഭം നേടാമെന്നു അദ്ദേഹത്തെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.
മലപ്പുറം ഏറനാട് കാവനൂർ സ്വദേശികളായ ഷെമീർ പൂന്തല, അബ്ദുൾ വാജിദ് , ചെറിയോൻ എന്ന് വിളിപ്പേരുള്ള ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അപ്പോൾ തന്നെ കുഴൽപണം കൈമാറ്റം നടത്തുന്ന ആളുകൾക്ക് വൻതുക കമ്മീഷൻ നൽകി. അവർ നൽകുന്ന വിവിധ അക്കൗണ്ടുകളിലേക്ക് ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ മാറ്റി പണമായി സ്വീകരിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിൽ കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളി മേഖലകളിലെ നിരവധി ആളുകളുടെ അക്കൗണ്ട് ഫ്രീസ് ആയതിനെ തുടർന്ന് ഹവാലക്കാർ മലപ്പുറം അരീക്കോട് ഭാഗത്തുള്ള നിരവധി യുവാക്കളെ സമീപിച്ച് ക്ലിയർ മണിയാണെന്നും ഒരു അക്കൗണ്ടിൽ നിന്നും വർഷം 20 ലക്ഷം രൂപ വരെ പിൻവലിക്കുന്നതിന് പ്രശ്നമില്ലെന്നും അഞ്ച് ലക്ഷം രൂപ പിൻവലിച്ചാൽ 5000 രൂപ കമ്മീഷനായി തരാമെന്നും പ്രലോഭിപ്പിച്ചാണ് അക്കൗണ്ട് എടുപ്പിച്ചത്. അതിലൂടെ വൻതുകകൾ മാറി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

