ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പരുക്കേറ്റ അഫാനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ തടവുകാർക്കായുള്ള സെല്ലിലേക്ക് മാറ്റി. അപകടനില തരണം ചെയ്ത അഫാനെ കഴിഞ്ഞയാഴ്ച വെന്റിലേറ്ററിൽ നിന്നു മാറ്റിയിരുന്നു. വീണ്ടും ജയിലിലേക്കു മാറ്റാൻ കൂടുതൽ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി
അഫാൻ ഓർമശക്തിയടക്കം വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 25ന് ആണ് പൂജപ്പുര സെൻട്രൽ ജയിലിൽ അഫാൻ
ആത്മഹത്യക്ക് ശ്രമിച്ചത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തിൽ അഫാന്റെ കഴുത്തിലെ ഞരമ്പുകൾക്കു മാരകമായ പരുക്കേറ്റിരുന്നു.
കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാൻ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. 5 പേരെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്കെതിരെയുള്ള 3 കുറ്റപത്രങ്ങൾ പൊലീസ് സമർപ്പിച്ചിരുന്നു. അഫാൻ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്ന് ജയിൽ അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. വിഷാദരോഗത്തിനു ഡോക്ടർമാരെയും കണ്ടിരുന്നു. ആത്മഹത്യാ പ്രവണതയും കാട്ടിയിരുന്നു. അതിനാൽ സദാസമയവും അഫാൻ ജയിൽ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഞായറാഴ്ചയായതിനാൽ അഫാനെ നിരീക്ഷിക്കുന്ന സഹതടവുകാരൻ ഫോൺ ചെയ്യാൻ പോയപ്പോഴാണ് അലക്കി ഉണങ്ങാനിട്ട മുണ്ടെടുത്ത് ശുചിമുറിയിൽ കയറി അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്.