ബെംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിവമൊഗ്ഗ സ്വദേശിയായ പ്രതിക്ക് 20 വർഷം തടവ്. പെൺകുട്ടിയുടെ ബന്ധുകൂടിയായ ശ്രീനിവാസ സുവർണ എന്ന 27കാരാനാണ് പ്രതി. 2023 ഏപ്രിലിൽ ബ്രഹ്മവാരയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ഇരുവരും ബന്ധുവീട്ടിൽ എത്തിയിരുന്നു. പരിപാടിക്ക് ശേഷം ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തറിയിച്ചാൽ അപായപ്പെടുത്തുമെന്നും ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.
മാസങ്ങൾക്കുശേഷം പെൺകുട്ടി ഗർഭിണിയാണെന്ന വിവരമറിഞ്ഞതോടെയാണ് കുടുംബം പരാതി നൽകിയത്. ഉഡുപ്പി വനിത പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞവർഷം ഡിസംബറിൽ പൊലീസ് ഇൻസ്പെക്ടർ ജയാനന്ദ കെ കുറ്റപത്രം സമർപ്പിച്ചു. 36 സാക്ഷികളിൽ, ഇരയായ പെൺകുട്ടിയുടെ മൊഴിയുൾപ്പെടെ 20 സാക്ഷികളെ വിസ്തരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ ജില്ലാ കോടതി ജഡ്ജി പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചു.
20 വർഷം തടവിന് പുറമെ 21,000 രൂപ പിഴയും വിധിച്ചു. ഇതിൽ 15,000 രൂപ ഇരക്ക് നൽകണം. രണ്ടു ലക്ഷം രൂപ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ കർണാടക സർക്കാറിനോട് കോടതി നിർദേശിച്ചു. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ വൈ. ടി. രാഘവേന്ദ്ര ഹാജരായി
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

