ബീഹാറിൽ ദുരഭിമാനക്കൊല; മകളെയും ഭർത്താവിനേയും പിഞ്ചുകുഞ്ഞിനേയും വെടിവെച്ച് കൊന്നു

മൂന്ന് വർഷം മുമ്പ് ഒളിച്ചോടി വിവാഹം ചെയ്ത യുവതിയും യുവാവും തിരികെ നാട്ടിലെത്തിയപ്പോൾ യുവതിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ​ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെയും കൊലപ്പെടുത്തി. ബുധനാഴ്ച ബീഹാറിലെ നൗഗച്ചിയയിലാണ് ദാരുണസംഭവം നടന്നത്. ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ദമ്പതികൾ അവരുടെ പുതിയ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കൂട്ടക്കൊല.

ചന്ദൻ, ചാന്ദ്നി, മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും ചന്ദന്റെ കിടപ്പിലായ പിതാവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു. യുവതിയുടെ അച്ഛനും സഹോദരനുമാണ് മൂവരെയും വെടിവെച്ച് കൊന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ചാന്ദ്‌നിയുടെ കുടുംബം സമ്മതിക്കാത്തതിനെ തുടർന്നാണ് 2021ൽ ഇരുവരും ഒളിച്ചോടി വിവാഹിതരായതെന്ന് നൗ​ഗച്ചിയ എസ്പി സുശാന്ത് കുമാർ സരോജ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് കൊലപാതകത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.

അവർ അവരുടെ പുതിയ വീട്ടിലേക്ക് പോകുമ്പോൾ, ചാന്ദ്‌നിയുടെ പിതാവ് പപ്പു സിംഗ് ചന്ദനെ വടികൊണ്ട് ആക്രമിക്കുകയും മകൻ ധീരജ് കുമാറിനെ വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് ഇരുവരും മൂന്നുപേരെയും വെടിവച്ചു കൊന്നുവെന്നും പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്വേഷണം നടത്തി വരികയാണെന്നും പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്റെ സഹോദരൻ ചാന്ദ്‌നിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഇരുവരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. വെടിയേറ്റ് മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സഹോദരനും ഭാര്യയും അവരുടെ മകളും രോഗിയായ ഞങ്ങളുടെ പിതാവിനെ കാണാൻ വന്നിരുന്നുവെന്നും ചന്ദന്റെ സഹോദരൻ കേദാർ നാഥ് സിംഗ് പറഞ്ഞു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply