വർഷങ്ങളായുള്ള സാമ്പത്തിക തർക്കത്തിനൊടുവിൽബന്ധുവിന്റെ വീടിന് തീയിടാൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു. അഞ്ചുലക്ഷം രൂപയുടെ കടം വീട്ടാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് വീടിനുള്ളിൽ ആളുകളുണ്ടായിരുന്ന സമയത്ത് മുൻവശത്ത് തീയിടുന്നതുവരെ എത്തിയത്. ബെംഗളൂരുവിലെ വിവേക് നഗറിൽ ഏതാനും ദിവസം മുമ്പായിരുന്നു സംഭവം.
വിവേക് നഗർ സ്വദേശികളായ വെങ്കട്ടരമണി, മകൻ സതീഷ് എന്നിവരുടെ വീടിനാണ് വൈകുന്നേരം അഞ്ച് മണിയോടെ തീയിടാൻ ശ്രമിച്ചത്. ഇവരുടെ ബന്ധുവായ സുബ്രമണി എന്നയാളാണ് പ്രതി. പരാതിക്കാരുടെ മറ്റൊരു ബന്ധുവായ പാർവതിഎന്ന സ്ത്രീ തന്റെ മകളുടെ വിവാഹ ആവശ്യങ്ങൾക്കായി എട്ട് വർഷം മുമ്പ് അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും ഈ പണം തിരികെ ലഭിച്ചില്ല. അടുത്തിടെ ഇവരുടെ കുടുംബത്തിൽ നടന്ന മറ്റൊരു വിവാഹ ചടങ്ങിൽവെച്ച് വെങ്കട്ടരമണി വീണ്ടും പണം തിരികെ ആവശ്യപ്പെടുകയും വലിയ തർക്കം നടക്കുകയും ചെയ്തു. ഇതിന്റെ പേരിൽ വാക്കുതർക്കങ്ങളും പരസ്പരമുള്ള അധിക്ഷേപങ്ങളും ഭീഷണികളും ഉണ്ടായിരുന്നു. തുടർന്നാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് കരുതുന്നു.
വെങ്കട്ടരമണിയുടെ മകൻ സതീഷ് ജോലിസ്ഥലത്തായിരിക്കുമ്പോഴാണ് സംഭവം നടന്നത്. വീടിന്റെ മുൻ വാതിലിലും ചെരിപ്പ് സ്റ്റാൻഡിലും കിടപ്പുമുറിയിലെ ജനലിലും ആരോ പെട്രോൾ ഒഴിച്ച് തീയിട്ടതായി അമ്മ സതീശിനെ വിളിച്ചറിയിക്കുകയായിരുന്നു. സതീഷിന്റെ സഹോദരൻ മോഹൻദാസും അമ്മയുമാണ് ഈ സമയം വീടിനുള്ളിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തി തീയണയ്ക്കുകയും വീടിനുള്ളിലുള്ളവരെ അറിയിക്കുകയും ചെയ്തതിനാൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ വീടിന്റെ മുൻഭാഗത്തും ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചു.