ബത്തേരി ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദിന് സഹായം നല്‍കിയ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട് ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി നൗഷാദിന് സഹായം നല്‍കിയ വയനാട് സ്വദേശി പിടിയിലായി. ഇയാളെ ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു.

അതേ സമയം, ഹേമചന്ദ്രന്റേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന വാദവുമായി മുഖ്യപ്രതി നൗഷാദ് രംഗത്തെത്തിയിരുന്നു. വിദേശത്ത് നിന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെയായിരുന്നു നൗഷാദിന്റെ പ്രതികരണം. ആത്മഹത്യ ചെയ്തത് കണ്ടപ്പോള്‍ താനും സുഹൃത്തുക്കളും മൃതദേഹം കുഴിച്ചിട്ടു. താന്‍ വിദേശത്തേക്ക് പോയതും എന്ന് തിരികെ വരുമെന്നതും പൊലീസിന് അറിയാമെന്നും നൗഷാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യപ്രതിയുടെ വാദങ്ങള്‍ തള്ളുന്ന പൊലീസ് നൗഷാദിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നൗഷാദിന്റെ വാദങ്ങള്‍ തള്ളുന്ന അന്വേഷണ സംഘം കൊല നടന്നത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നു. തെറ്റ് പറ്റിയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. നൗഷാദിന്റെ വിസിറ്റിങ് വിസയുടെ കാലാവധി ഈ മാസം എട്ടിന് അവസാനിക്കാന്‍ ഇരിക്കെ ഉടനെ അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ രണ്ട് സ്ത്രീകളെ കൂടി പ്രതി ചേര്‍ക്കാനും പൊലീസ് നീക്കം നടക്കുന്നുണ്ട്. ഹേമചന്ദ്രനെ തട്ടിക്കൊണ്ട് പോകാന്‍ വിളിച്ച് വരുത്തിയത് കണ്ണൂര്‍ സ്വദേശിയായ സ്ത്രീയാണെന്നാണ് കണ്ടെത്തല്‍. ഇവരെയും പ്രതികള്‍ക്ക് സഹായം നല്‍കിയ മറ്റൊരു സ്ത്രീയേയും പ്രതി ചേര്‍ക്കാനാണ് നീക്കം.

Leave a Reply