പാലക്കാട് നാലു വയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക് ആണു മരിച്ചത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മധുസൂദനന്റെ സഹോദരൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തിദാസ് ആണ് കൃത്യം നടത്തിയത്.
ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം. രാത്രി മധുസൂദനന്റെ അമ്മയ്ക്കു സുഖമില്ലാത്തതിനെ തുടർന്ന് വീട്ടിലുള്ളവരെല്ലാം ആശുപത്രിയിൽ പോയതായിരുന്നു. ഈ സമയത്ത് ഋത്വികിനെയും ബാലകൃഷ്ണന്റെ മകളെയും ഉറങ്ങാനായി വീട്ടിലാക്കി. ഈ സമയത്ത് ദീപ്തിദാസ് ആണു വീട്ടിലുണ്ടായിരുന്നത്. രാത്രി പത്തോടെ ഇവർ തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് ഇളയമകളാണു പിറകുവശത്തെ വാതിൽ തുറന്നുകൊടുത്തത്. ഈ സമയത്താണു കുട്ടിയെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് ഗുരുതരമായി പരിക്കേറ്റ നിലയിൽ ദീപ്തിദാസിനെ ചോരവാർന്നു കിടക്കുന്നതായും കണ്ടെത്തി.
ഉടൻതന്നെ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഋത്വിക് മരിച്ചതായി സ്ഥിരീകരിച്ചു. ദീപ്തിദാസിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണു വിവരം. ഇവർ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. കൊലപാതകകാരണം വ്യക്തമല്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

