ഗോവയിൽ വച്ച് നാലു വയസ്സുള്ള മകനെ കൊന്ന് ബാഗിലാക്കി കർണാടകയിലേക്ക് കടക്കുകയായിരുന്ന സ്റ്റാർട്ടപ്പ് സിഇഒ അറസ്റ്റിൽ. മൈൻഡ്ഫുൾ എഐ ലാബ് എന്ന സ്റ്റാർട്ടപ്പിന്റെ മേധാവി സുചന സേഥ് ആണ് അറസ്റ്റിലായത്.വടക്കൻ ഗോവയിലെ കാന്റോളിമിലെ അപ്പാർട്‌മെന്റിൽ വച്ചാണ് ഇവർ മകനെ കൊന്ന് കഷണങ്ങളാക്കി ബാഗിലാക്കിയത്. രണ്ടു ദിവസത്തെ താമസത്തിനിടെയാണ് ഇവര്‍ കൃത്യം നടത്തിയത്.
ചെക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പ് ബംഗളൂരുവിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ ജീവനക്കാരോട് സൂചന ടാക്‌സി ആവശ്യപ്പെടുകയായിരുന്നു. ബംഗളൂരുവിലേക്ക് പോകാൻ വിമാനമാണ് കൂടുതൽ നല്ലത്, ടാക്‌സി യാത്ര ചെലവേറിയതാണ് എന്ന് ജീവനക്കാർ പറഞ്ഞെങ്കിലും അവർ സ്വീകരിച്ചില്ല. ജനുവരി എട്ടിന് രാവിലെ ടാക്‌സി ഏർപ്പാടാക്കുകയും ചെയ്തു. സുചന അപാർട്‌മെന്റ് വിട്ട ശേഷം മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ ടവ്വലിൽ രക്തക്കറ കണ്ടതാണ് നിര്‍ണായകമായത്. ഇതോടെ ഹോട്ടൽ മാനേജ്‌മെന്റ് വിവരം പൊലീസിനെ അറിയിച്ചു. വരുമ്പോൾ ഒപ്പമുണ്ടായിരുന്ന മകൻ ചെക്ക് ഔട്ട് ചെയ്ത വേളയിൽ കൂടെ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. ഇതിനെ തുടർന്ന് പൊലീസ് സുചനയ്ക്കായി വല വിരിക്കുകയായിരുന്നു.
റിസപ്ഷനില്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങിയ പൊലീസ് സുചനയെ വിളിച്ചു. ആർത്തവം മൂലമുള്ള രക്തമാണ് ടവ്വലിൽ എന്നാണ് സുചന ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. മകൻ മർഗാവോ ടൗണിൽ താമസിക്കുന്ന സുഹൃത്തിന് ഒപ്പമാണെന്നും അവർ അറിയിച്ചു. സുഹൃത്തിന്റെ മേൽവിലാസം പൊലീസിന് നൽകുകയും ചെയ്തു. എന്നാൽ അന്വേഷണത്തിനിടെ ഈ മേൽവിലാസം വ്യാജമാണെന്ന് തെളിഞ്ഞു.
ഇതോടെ ടാക്‌സി ഡ്രൈവറെ വിളിച്ച പൊലീസ് സുചനയെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇരുവരും ചിത്രദുർഗ പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിൽ വച്ച് ബാഗ് തുറന്നപ്പോൾ കൊല്ലപ്പെട്ട മകന്റെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കർണാടകയിലെത്തിയ അന്വേഷണ സംഘം പ്രതിയെ ഗോവയിലേക്ക് കൊണ്ടുപോയി. ഇപ്പോൾ ഇന്തൊനേഷ്യയിലെ ജക്കാർത്തയിലുള്ള ഭർത്താവ് വെങ്കിട്ട് രാമനെ വിവരങ്ങൾ പൊലീസ് അറിയിച്ചിട്ടുണ്ട്. ഭര്‍ത്താവുമായി വിവാഹമോചനത്തിന്‍റെ വക്കിലാണ് സുചന എന്നാണ് പൊലീസ് പറയുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

