തിരുവനന്തപുരം കാട്ടാക്കടയിൽ നവവധു ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.കാട്ടാക്കട സ്വദേശി വിപിനാണ് അറസ്റ്റിലായത്. സംഭവം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാളിലായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. സോനയുടെ മരണത്തിന് കാരണം വിപിന്റെ മാനസിക, ശാരീരിക പീഡനമാണെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി.2023 ജൂലൈ രണ്ടിനായിരുന്നു പന്നിയോട് സ്വദേശിയായ സോന ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയത്
ഈ സമയം ഭർത്താവ് വിപിനും മുറിയിൽ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നെങ്കിലും, വിപനെ അറസ്റ്റ് ചെയ്തിരുന്നില്ല. മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. വിപിന്റെ മാതാവും മകളുടെ മരണത്തിന് ഉത്തരവാദിയെന്നാണ് സോനയുടെ മാതാപിതാക്കളുടെ ആരോപണം.
സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം , ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് വിപിനെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

