കളമശേരി സ്ഫോടനം; ഡൊമനിക് മാർട്ടിന്റെ പ്രവർത്തിയിൽ ഞെട്ടൽ മാറാതെ അയൽക്കാർ

ഡൊമിനിക് മാർട്ടിന്‍ എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്തു എന്ന ഞെട്ടലിലാണ് കൊച്ചി തമ്മനത്തെ അയൽക്കാർ. സഭയോടുള്ള അതൃപ്തി ഭാര്യയോട് സ്ഥിരമായി പറയാറുണ്ടെങ്കിലും ഭർത്താവിന്‍റെ മനസ്സിൽ ഉണ്ടായിരുന്ന പദ്ധതിയെ കുറിച്ച് ഭാര്യയ്ക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. പുലർച്ചെ വീട്ടിൽ നിന്നിറങ്ങി ഒറ്റയ്ക്ക് ഉഗ്രസ്ഫോടനം നടത്തിയതെന്ന് ഇയാൾ അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുതൽ പേരുടെ പങ്ക് സംഭവത്തിൽ പൊലീസ് പരിശോധിക്കുന്നുണ്ട്

കൊച്ചി വൈറ്റില ചിലവന്നൂരാണ് സ്വന്തം നാട്. പാലാരിവട്ടത്തെ ഒരു കേന്ദ്രത്തിൽ സ്പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു ഡൊമിനിക് മാർട്ടിൻ. അഞ്ചര വർഷമായി തമ്മനത്തെ വാടകവീട്ടിലാണ് താമസം. എന്നാൽ കൊവിഡിനെ തുടർന്ന് ഇയാൾ ഗൾഫിലേക്ക് പറന്നു. മടങ്ങി വന്നതിന് ശേഷം ഏതാനും മാസങ്ങളായി വീട്ടിലുണ്ട്. നീണ്ട വർഷങ്ങൾ യഹോവയുടെ സാക്ഷികൾ വിശ്വാസസമൂഹത്തോട് ചേർന്ന് നടന്നയാൾ ആറ് വർഷം മുൻപ് സഭയോട് തെറ്റിപ്പിരിഞ്ഞു.

അന്ന് മുതൽ ഈ അതൃപ്തി ഭാര്യയോട് നിരന്തരം പറയുമായിരുന്നു. എന്നാൽ മാർട്ടിന്‍റെ വികാരപ്രകടനമായി മാത്രമാണ് കുടുംബം അത് കണ്ടത്. എന്നാൽ പക ഉള്ളിൽ തീയായി നിന്ന കാര്യം ഭാര്യയ്ക്ക് പോലും മനസ്സിലായില്ല. യുട്യൂബിൽ ബോംബ് ഉണ്ടാക്കാൻ പഠിച്ച്, പ്രാർത്ഥന യോഗത്തിൽ സ്ഫോടനം നടത്താൻ, ഇയാൾ നടത്തിയത് മാസങ്ങളുടെ ആസൂത്രണമെന്നാണ് പൊലീസ് പറയുന്നത്. കാഴ്ചയിൽ വാക്കും ചിരിയും ഒതുക്കി നടന്ന് പോകുന്ന ഒരു മനുഷ്യൻ ഇതെങ്ങനെ നടത്തിയെടുത്തെന്ന് ഞെട്ടലോടെ ചോദിക്കുകയാണ് മാർട്ടിന്‍റെ അയൽക്കാർ.

ഭാര്യയും മകൾക്കൊപ്പമാണ് ഡൊമിനിക് മാർട്ടിൻ തമ്മനത്ത് താമസിക്കുന്നത്. മകൻ യുകെയിലാണ്. കൃത്യമായി വാടക തരുമെന്ന് വീട്ടുടമയും പറയുന്നു. വലിയ സൗഹൃദങ്ങളോ സംസാരമോ ആരോടുമില്ല. വീട്ടിൽ വരാറുള്ളത് അമ്മയും സഹോദരനും മാത്രം. ഊതികാച്ചിയ പകയുണ്ടെന്ന് പറയുമ്പോഴും കുറ്റമറ്റ ആസൂത്രണത്തിൽ ഇയാൾ നടത്തിയെടുത്ത ക്രൂരതയ്ക്ക് മറ്റാരുടെ എങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നതിലും അന്വേഷണം തുടരുകയാണ്. പുലർച്ചെ ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങി എവിടേക്ക് പോയി. അക്രമം നടന്ന ശേഷം ഇയാൾ സമീപ സ്റ്റേഷനുകൾ തെരഞ്ഞെടുക്കാതെ എന്തിന് തൃശൂർ ജില്ലയിലെ കൊടകര സ്റ്റേഷനിലേക്ക് പോയി എന്നതിലടക്കം വ്യക്തത തേടുകയാണ് പൊലീസ്.

ഡൊമിനിക് മാർട്ടിൻ കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വച്ച് തന്നെയാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. വീട്ടിൽ രണ്ട് മുറിയാണ് ഉള്ളത്.ഒരു മുറിയിൽ ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയിൽ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്‍റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്.ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്ഫോടനം നടത്തിയതിന്‍റെ തലേന്ന് ഡൊമിനിക് ബോംബ്  നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്‍റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply