അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

എറണാകുളം തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരി അച്ഛന്റെ സഹോദരനിൽ നിന്നും നേരിട്ടത് ക്രൂരമായ പീഡനം. കൊല്ലപ്പെടുന്നതിന്റെ തലേന്ന് പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ വീടിന്റെ തൊട്ടരികിലാണ് ഇയാളും താമസിച്ചിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോൾ മുതൽ ഇയാൾ ലൈംഗിക അതിക്രമം നടത്തിയിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിൽ ഏറെ നിർണായകമായത്. പോക്‌സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്‌ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട ഈ സംഭവത്തിന് മറ്റൊരു മാനം കൈവരുന്നത് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ ലിസാ ജോണിന്റെ സംശയങ്ങളെ തുടർന്നാണ്. പിന്നീട് പൊലീസ് പീഡനക്കേസിലെ പ്രതിക്കായി അതീവ രഹസ്യമായാണ് നീക്കങ്ങൾ നടത്തിയത്. പ്രതിയെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്തിരുന്നു. എട്ട് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply