നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായിരിക്കെ, നിർണ്ണായകമായ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണ്ണയം എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ടകൾ.
ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് മേഖലാ ജാഥകളുടെ അവലോകനം യോഗത്തിൽ നടക്കും. ഇതിന് പിന്നാലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക ആലോചനകളിലേക്ക് പാർട്ടി കടക്കും. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എത്രപേർ മത്സരരംഗത്തുണ്ടാകണം എന്നതിലും ഇന്ന് ഏകദേശ ധാരണയുണ്ടായേക്കും.
രണ്ട് തവണ മത്സരിച്ചവർക്ക് മാറിനിൽക്കണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകുന്ന കാര്യത്തിൽ പാർട്ടി തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കാം. ഫെബ്രുവരി 23-ന് ചേരുന്ന ഇടതുമുന്നണി യോഗത്തോടെ സീറ്റ് വിഭജന ചർച്ചകൾ ഔദ്യോഗികമായി ആരംഭിക്കാനാണ് സിപിഎം തീരുമാനം.

