കൊല്ലം കോയിവിള സ്വദേശി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഭർത്താവ് സതീഷ് ശങ്കറിന്റെ ഇടക്കാല മുൻകൂർ ജാമ്യം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും, സതീഷിന്റെ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചെങ്കിലും, ചിത്രങ്ങൾ എടുത്ത സമയം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ ആവശ്യം തള്ളി.
ഈ ചിത്രങ്ങൾ എപ്പോൾ എടുത്തതാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ല. ഷാർജയിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകളുള്ളതായി പറയുന്നില്ല. അതിനാൽ ഈ മുറിവുകൾ ആത്മഹത്യക്ക് മുൻപ് ഉണ്ടായതാണോ എന്ന് പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു.
ഇത് കോടതി അംഗീകരിക്കുകയും, ചിത്രങ്ങളുടെ ആധികാരികത തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ട് ഹാജരാക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയും ചെയ്തു. അതുല്യയെ കഴിഞ്ഞ ജൂലൈ 19-നാണ് ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

