റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുള്ള രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കിയ അത്താഴവിരുന്നില്‍ മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂര്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെയും ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്ന സാഹചര്യത്തിൽ, തരൂർ ക്ഷണം സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നാണ് എ.ഐ.സി.സി വൃത്തങ്ങൾ അറിയിക്കുന്നത്. പാർട്ടിയോട് കൂടിയാലോചിക്കാതെയാണ് തരൂർ വിരുന്നിൽ പങ്കെടുത്തതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വിമർശിച്ചു.
വിരുന്നിൽ പങ്കെടുത്തവർ ചോദ്യം നേരിടണമെന്നും, താനായിരുന്നെങ്കിൽ പ്രതിപക്ഷ നേതാക്കളെ വിളിക്കാത്ത ചടങ്ങിന് പോകില്ലായിരുന്നുവെന്നും പവൻ ഖേര വ്യക്തമാക്കി. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് ക്ഷണം ലഭിക്കാതിരിക്കുകയും നമ്മെ ക്ഷണിക്കുകയും ചെയ്യുമ്പോൾ മനസ്സാക്ഷിയോടെ പ്രവർത്തിക്കണം. ഇതിലെല്ലാം രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും ക്ഷണിക്കുന്നവരുടെയും ക്ഷണം സ്വീകരിക്കുന്നവരുടെയും മേൽ സംശയത്തിന്റെ നിഴലുണ്ടെന്നും ഖേര കൂട്ടിച്ചേർത്തു.
അതേസമയം, വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലാണ് താൻ പങ്കെടുത്തതെന്നും മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നുമാണ് ശശി തരൂരിന്റെ നിലപാട്. വിരുന്നിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതിൽ കോൺഗ്രസ് നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. തനിക്ക് ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തതിനെക്കുറിച്ച് അറിയില്ലെന്നും തരൂർ വിരുന്നിന് മുൻപ് പ്രതികരിച്ചിരുന്നു.

