സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭാംഗത്വം രാജി വയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസ് നിലപാട്. പരാതികൾ ഉയർന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ നീക്കിയിരുന്നു. എന്നാൽ പാലക്കാട് എംഎൽഎ ആയ രാഹുൽ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് പാർട്ടിയിലെ ധാരണ.
ലൈംഗിക പീഡന ആരോപണങ്ങൾ ഉൾപ്പെടെ നേരിടുന്ന എം മുകേഷ് ഉൾപ്പെടെ എംഎൽഎ സ്ഥാനത്ത് തുടരുന്ന സാഹചര്യമാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. സംഘടനാ പരമായി നടപടി എടുത്തു എന്ന വാദം ഉയർത്തി പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് സമിതിയെ നിയോഗിച്ചേക്കും എന്നാണ് റിപ്പോർട്ട്.
നടി റിനി ആൻ ജോർജ് ബുധനാഴ്ച വൈകീട്ട് രാഹുലിന്റെ പേരുപറയാതെ ഉയർത്തിയ ആരോപണങ്ങളായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. വ്യാഴാഴ്ച രാവിലെ എഴുത്തുകാരി ഹണി ഭാസ്‌കർ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ മറ്റൊരു സ്ത്രീയോട് ഗർഭച്ഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോൺകോൾ റെക്കോർഡ് കൂടി പുറത്തുവന്നതിന് ശേഷം ആയിരുന്നു രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചത്. അടൂരിലെ വസതിയിൽ മാധ്യമങ്ങളെ കണ്ട രാഹുൽ മാങ്കൂട്ടത്തിൽ സ്വമേധയാ ആണ് രാജിയെന്നായിരുന്നു പ്രതികരിച്ചത്. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉൾപ്പെടെ നടപടി എടുക്കാൻ നിർദേശിച്ചതിന് പിന്നാലെയായിരുന്നു രാജി. ആരോപണങ്ങളിൽ മുഖംനോക്കാതെ നടപടിയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു.

