Headlines

സപ്ലൈകോയിൽ ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 339 രൂപ; ഇന്നുമുതൽ വിതരണമെന്ന് മന്ത്രി

സപ്ലൈകോയിൽ 349 രൂപ വിലയുണ്ടായിരുന്ന സബ്സിഡി വെളിച്ചെണ്ണ പത്തുരൂപ കുറച്ച് 339 രൂപയ്ക്ക് കൊടുക്കുമെന്ന് മന്ത്രി ജി ആർ അനിൽ. വിലക്കയറ്റം പിടിച്ചുനിർത്താൻ കഠിനമായ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും സെപ്റ്റംബർ മാസത്തിലെ സബ്സിഡി സാധനങ്ങൾ ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തിൽ കാർഡ് ഉടമകൾക്ക് വാങ്ങാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വലിയ ഓഫറുകളും വിലക്കുറവും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസത്തിൽ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്‌സിഡി ഉൽപ്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്. 32ലക്ഷത്തോളം ഉപഭോക്താക്കൾ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചതായും മന്ത്രി പറഞ്ഞു.

ഓണത്തിരക്ക് ആരംഭിച്ച ഈ മാസം ഓഗസ്റ്റ് 22വരെയുള്ള വിറ്റുവരവ് 180കോടി രൂപയാണ്. ഓഗസ്റ്റ് 11 മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും പ്രതിദിന വിറ്റു വരവ് പത്തു കോടിയ്ക്ക് മുകളിലാണെന്നും മന്ത്രി പറഞ്ഞു. ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചതായും ഓണക്കാലത്ത് സബ്സിഡി അരിയ്ക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/ രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർദ്ധിപ്പിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

അതേസമയം, സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, തിരുവനന്തപുരം നഗരസഭ മേയർ എസ് ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ തുടങ്ങിയവർ വിശിഷ്ടാതിഥികളാവും. എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി കെ രാജു , പൊതുവിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയർമാനുമായ എം ജി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ അശ്വതി ശ്രീനിവാസ്, നഗരസഭ കൗൺസിലർ സിമി ജ്യോതിഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply