Headlines

ക്രിസ്മസ് വിരുന്നിന് ഇഞ്ചി വൈൻ ഉണ്ടാക്കിയാലോ; വെറും മൂന്ന് ദിവസം കൊണ്ട് തയ്യാറാക്കാം

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈൻ അനിവാര്യമാണ്. സാധാരണയായി വൈൻ പാകമാകാൻ ആഴ്ചകളോളം കാത്തിരിക്കണമെങ്കിലും, വെറും മൂന്ന് ദിവസം കൊണ്ട് തയ്യാറാക്കാവുന്ന രുചികരമായ ഒരു ഇഞ്ചി വൈൻ റെസിപ്പി പരിചയപ്പെടാം. ആരോഗ്യഗുണങ്ങളേറെയുള്ള ഇഞ്ചി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ആവശ്യമായ ചേരുവകൾ:

ഇഞ്ചി – 250 ഗ്രാം

പഞ്ചസാര – 13 ടേബിൾസ്പൂൺ

യീസ്റ്റ് – 1 ടേബിൾസ്പൂൺ

വെള്ളം – 1 ലിറ്റർ

ഇളം ചൂടുവെള്ളം – 1 കപ്പ്

നാരങ്ങ – 1 എണ്ണം

ഏലയ്ക്ക – 4 എണ്ണം

ഗ്രാമ്പു – 6 എണ്ണം

വറ്റൽമുളക് – 8 എണ്ണം

കറുവപ്പട്ട – 1 ഇഞ്ച് കഷണം

ഉണക്ക മുന്തിരി – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം: തൊലി നീക്കി കഴുകി വൃത്തിയാക്കിയ ഇഞ്ചി അല്പം വെള്ളം ചേർത്ത് അരച്ചെടുത്ത് അരിച്ചെടുക്കുക. ഒരു പാത്രത്തിൽ യീസ്റ്റും ഒരു ടേബിൾസ്പൂൺ പഞ്ചസാരയും അല്പം ഇളം ചൂടുവെള്ളവും ചേർത്ത് പൊങ്ങാൻ വയ്ക്കുക. മറ്റൊരു പാത്രത്തിൽ കാൽ കപ്പ് പഞ്ചസാര കരിച്ചെടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം, കറുവപ്പട്ട, ചതച്ച ഗ്രാമ്പൂ, ഏലയ്ക്ക, ഉണക്കമുളക്, ഉണക്കമുന്തിരി, കുരുകളഞ്ഞ നാരങ്ങ, ബാക്കിയുള്ള വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക.

ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന ഇഞ്ചിനീര് ചേർത്ത് കുറച്ചു സമയം കൂടി തിളപ്പിക്കുക. ചൂട് അല്പം കുറഞ്ഞ ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന യീസ്റ്റ് ഇതിലേക്ക് ചേർക്കാം. ഇത് നന്നായി ചൂടാറിയ ശേഷം വെളിച്ചവും അനക്കവും തട്ടാത്ത സ്ഥലത്ത് അടച്ചു സൂക്ഷിക്കുക. പിറ്റേദിവസം ഇതേസമയം വൈൻ അരിച്ചെടുത്ത് വായു കടക്കാത്ത കുപ്പിയിലേക്ക് മാറ്റുക. അടുത്ത ദിവസം മുതൽ രുചികരമായ ഇഞ്ചി വൈൻ ഉപയോഗിച്ചു തുടങ്ങാം.

Leave a Reply