എറണാകുളം മലയാറ്റൂരിൽ ഏവിയേഷൻ വിദ്യാർഥിനിയായ ചിത്രപ്രിയയുടെ (19) കൊലപാതകത്തിൽ ആൺസുഹൃത്ത് അലനെ (21) കാലടി പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. മദ്യ ലഹരിയിലായിരുന്ന അലൻ, ചിത്രപ്രിയയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
ബെംഗളൂരുവിൽ വിദ്യാർഥിനിയായ ചിത്രപ്രിയ, അമ്പലത്തിലെ ഉത്സവത്തിനായി മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിലെ വീട്ടിലെത്തിയതായിരുന്നു. ശനിയാഴ്ച വൈകിട്ട് കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ചിത്രപ്രിയയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. കാണാതായ സംഭവത്തിൽ പോലീസ് നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ, ചിത്രപ്രിയയും ഇയാളും ബൈക്കിൽ പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ അലൻ കുറ്റം സമ്മതിച്ചു.
മലയാറ്റൂർ നക്ഷത്ര തടാകത്തിനരികിലുള്ള വിജനമായ പറമ്പിൽ നിന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. തലയിൽ ഒന്നിലധികം ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിന് ഇടയാക്കിയതെന്നും ആന്തരിക രക്തസ്രാവവും മരണകാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

