Headlines

ആഗോള അയ്യപ്പസംഗമം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. രാവിലെ 9.30ന് തുടങ്ങുന്ന സംഗമത്തിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. തമിഴ്‌നാട്ടിൽനിന്നുള്ള മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവർക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടർന്ന് സമാന്തര ചർച്ച. പകൽ 12 മുതൽ വിവിധ വേദികളിൽ ശബരിമല മാസ്റ്റർപ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ട്, ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളിൽ ഒരേസമയം ചർച്ചനടക്കും. പകൽ രണ്ടുമുതൽ വിജയ് യേശുദാസ് നയിക്കുന്ന സംഗീതപരിപാടി. 3.20ന് ചർച്ചകളുടെ സമാഹരണവും തുടർന്ന് പ്രധാനവേദിയിൽ സമാപനസമ്മേളനവും. ശേഷം പ്രതിനിധികൾക്ക് ശബരിമല ദർശനം ഒരുക്കിയിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽ നിന്നടക്കം 3000 പ്രതിനിധികൾ പങ്കെടുക്കും. ആദ്യം രജിസ്റ്റർ ചെയ്തവർക്കാണ് അവസരം. ഇവർക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തെ 500 പേരും പങ്കെടുക്കും. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പാസ് മുഖേനെയാണ് പ്രവേശനം.

Leave a Reply