ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയതയാണ് ശബരിമല മുന്നോട്ടുവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് നടന്ന ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയ്ക്ക് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ട തനതായ ചരിത്രമുണ്ട്. ശബരി എന്ന ഗോത്ര തപസ്വിനിയുടെ പേരിലാണ് ഈ പുണ്യസ്ഥലം അറിയപ്പെടുന്നത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പഭക്തർ ലോകമെമ്പാടുമുള്ളതിനാൽ സംഗമത്തിന് ആഗോള പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭഗവത് ഗീതയിലേയും ചാന്ദോക്യ ഉപനിഷത്തിലെയും ശ്ലോകങ്ങൾ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി തീരുമാനിക്കുകയല്ല, മറിച്ച് ഭക്തരുമായി ആലോചിച്ച് നടപ്പാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്തി കേവലം ഒരു പരിവേഷമായി കാണുന്നവർക്ക് പ്രത്യേക അജണ്ടകളുണ്ടെന്നും, അത് മുൻനിർത്തി ഭക്തജനസംഗമം തടസ്സപ്പെടുത്താൻ അവർ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സുപ്രീം കോടതി തന്നെ ഈ നീക്കങ്ങൾ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ലെന്നും, എന്നാൽ ദേവസ്വം ബോർഡിന് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ മാത്രം 148 കോടിയോളം രൂപ സർക്കാർ ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന വ്യക്തികളുടെ സാന്നിധ്യം
രാവിലെ ഒൻപതരയോടെ സംഗമവേദിയിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ സ്വീകരിച്ചു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ കാറിലാണ് വേദിയിലെത്തിയത്. തന്ത്രി തിരിതെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
മൂവായിരത്തിലധികം പേർ പങ്കെടുക്കുന്ന സംഗമത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിന് ശേഷം മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാർ ഐഎഎസിന്റെ നേതൃത്വത്തിൽ ചർച്ച ഉൾപ്പെടെ മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ആറുമണി മുതലാണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്.

