Headlines

സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേത്; കേസിൽ നിർണായക വഴിത്തിരിവ്

ഏറ്റുമാനൂരിൽ കാണാതായ ജൈനമ്മയുടെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. ജൈനമ്മയുടെ തിരോധാനം കൊലപാതകമാണെന്ന് സൂചന നൽകിക്കൊണ്ട്, പ്രതിയെന്ന് സംശയിക്കുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

ഡിസംബർ 23-നാണ് ജൈനമ്മയെ കാണാതാവുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീടിന്റെ പിന്നിലെ മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തിയത്. ഈ രക്തക്കറ ജൈനമ്മയുടേതാണെന്ന് ഉറപ്പിച്ചതോടെ, ഈ കേസ് കൊലപാതകമായി മാറിയെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു.

കാണാതാകുമ്പോൾ ജൈനമ്മയുടെ കൈവശം ഏകദേശം പത്തു പവനോളം സ്വർണാഭരണങ്ങളുണ്ടായിരുന്നു. സെബാസ്റ്റ്യൻ പണയംവെച്ച സ്വർണവും ജൈനമ്മയുടേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വർണാഭരണങ്ങൾ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെബാസ്റ്റ്യൻ ഈ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ചേർത്തലയിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നാണ് ഈ സ്വർണം കണ്ടെടുത്തത്. കോട്ടയം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply