ചേലക്കരയിൽ ഭർത്താവിന്റെ മരണത്തെ തുടർന്ന് അമ്മ വിഷം നൽകി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ, ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരൻ അക്ഷയും മരണപ്പെട്ടു. ഇതോടെ ഈ കുടുംബത്തിലെ കൂട്ട ആത്മഹത്യാ ശ്രമം ദുരന്തപൂർണ്ണമായി. മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെയും ഷൈലജയുടെയും മകനാണ് അക്ഷയ്. വിഷം ഉള്ളിൽ ചെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
വൃക്ക തകരാറിലായി ചികിത്സയിലായിരുന്ന ഭർത്താവ് പ്രദീപ് (42) സെപ്റ്റംബർ രണ്ടിനാണ് മരിച്ചത്. ഭർത്താവ് മരിച്ച് ഇരുപതാം ദിവസമാണ് ഷൈലജ രണ്ട് മക്കൾക്കും ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകുകയും സ്വയം കഴിക്കുകയും ചെയ്ത് ആത്മഹത്യാ ശ്രമം നടത്തിയത്. സെപ്റ്റംബർ 22-ന് നടന്ന സംഭവത്തിൽ, ഏഴ് വയസ്സുകാരിയായ മകൾ അണീമ മണിക്കൂറുകൾക്കകം മരിച്ചു. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അമ്മ ഷൈലജയും മരണപ്പെട്ടു.
ഇപ്പോഴിതാ, ഒരാഴ്ചയ്ക്ക് ശേഷം മകൻ അക്ഷയും യാത്രയായി. അക്ഷയ് സി.ജി.ഇ.എം. എൽ.പി. സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർഥിയായിരുന്നു. പ്രദീപിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ഷൈലജയും കുട്ടികളും മേപ്പാടത്തെ സ്വന്തം വീട്ടിലെത്തിയ ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. തിങ്കളാഴ്ച വീട്ടിലെത്തിയ ഇവരെ ചൊവ്വാഴ്ച വൈകീട്ട് ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.

