ട്രംപിന്റെ കടുത്ത ആരാധകനും അനുയായിയും തീവ്രവലതുപക്ഷ ആക്ടിവിസ്റ്റുമായ മുപ്പത്തൊന്നുകാരൻ ചാർലി കിർക്കിനെ റിപ്പബ്ലിക്കൻ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നു വരുന്ന ഇരുപത്തിരണ്ടു വയസുകാരനായ ടെയ്‌ലർ റോബിൻസൺ എന്തിനു കൊന്നു? അമേരിക്ക മാത്രമല്ല ലോകവും തലപുകയ്ക്കുന്ന ചോദ്യമാണിത്. ഇതിന് ഉത്തരം കണ്ടെത്തുക സങ്കീർണമായ ഒരു പ്രക്രിയയാണ്. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കാലൂന്നുക മാത്രം ചെയ്ത ടെയ്‌ലർ റോബിൻസണ് യുവത്വത്തിന്റെ ഏറ്റവും നല്ല ദിനങ്ങളിൽ കൂടി കടന്നു പോകുന്ന ചാർലി കിർക്കിൽ എന്താണ് ഇത്രയധികം കയ്ച്ചത്? പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് തേടുന്നവർക്കെല്ലാം തുടക്കത്തിൽ ലഭിക്കുക. എന്നാൽ ഒന്നാഴത്തിൽ ചിന്തിച്ചാൽ അമേരിക്ക ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ ഇരുണ്ട ചിത്രങ്ങളും കിർക്കിന്റെ കൊലപാതകത്തിൽ നിന്നു തെളിഞ്ഞു വരും.
2012ൽ ടേണിങ് പോയിന്റ് യുഎസ്എ(TPUSA) എന്ന വലതുപക്ഷ യാഥാസ്ഥിതിക സംഘടനയ്ക്ക് രൂപം കൊടുക്കുമ്പോൾ ചാർലി കിർക്കിന് 20 വയസ് തികഞ്ഞിരുന്നില്ല.ചാർലി കിർക്ക് ഷോ എന്ന തന്റെ റേഡിയോ പരിപാടിയിലൂടെയും ചാർലി കിർക്ക് തന്റെ തീവ്രവലതുപക്ഷ നിലപാടുകൾക്ക് പ്രചാരം നൽകിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(MAGA) എന്ന റിപ്പബ്ലിക്കൻ പാർട്ടി മൂവ്‌മെന്റിന്റെ ഏറ്റവും ശക്തമായ ശബ്ദമായി ചാർലി കിർക് മാറുകയായിരുന്നു. ഇന്ത്യാക്കാരുടേതടക്കമുള്ള കുടിയേറ്റം,ക്രിസ്ത്യൻ ദേശീയത,എൽജിബിടിക്യൂ പ്രശ്‌നങ്ങൾ, അബോർഷൻ, ഗൺ കൾച്ചർ തുടങ്ങിയ വിഷയങ്ങളിലെല്ലാം ട്രംപിന്റെ നിലപാടുകൾക്ക് പൂർണപിന്തുണയാണ് ചാർലി കിർക്ക് നൽകി വന്നിരുന്നത്. ക്രൈസ്തവരല്ലാത്ത ഇന്ത്യാക്കാരുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയപ്പെടേണ്ടതാണെന്ന നിലപാട് പല വേദികളിലും കിർക്ക് ഉച്ചത്തിൽ പറഞ്ഞിട്ടുണ്ട്. കലാലയങ്ങളിലെ സ്വതന്ത്രചിന്തയ്ക്കും വേറിട്ട കാഴ്ചപ്പാടുകൾക്കും എതിരായിരുന്നു കിർക്ക്. ട്രംപിന്റെ ആശീർവാദത്തോടെ തഴച്ചുവളർന്ന കൾച്ചറൽ മാർക്‌സിസം,എൽജിബിടിക്യൂ അജൻഡ തുടങ്ങിയ ഗൂഡാലോചന സിദ്ധാന്തങ്ങൾക്കും ചാർലി കിർക് തന്റെ പുസ്തകങ്ങളിലൂടെയും പൊതുസംവാദങ്ങളിലൂടെയും റേഡിയോ പരിപാടികളിലൂടെയും പരാമവധി പ്രചാരം നൽകി.
പൗരൻമാർക്ക് തോക്ക് കൈവശം വയ്ക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന അമേരിക്കൻ ഭരണഘടനയുടെ രണ്ടാം ഭേദഗതി നിലനിർത്തുന്നതിന് വേണ്ടി ഏറ്റവും കൂടുതൽ വാദിച്ചവരിൽ ഒരാളായിരുന്നു ചാർലി കിക്ക്. അതിനുവേണ്ടി ചില മരണങ്ങൾ പോലും സാധൂകരിക്കേണ്ടിവരും എന്ന് വരെ കടത്തിപറഞ്ഞിട്ടുണ്ട് കിർക്ക്. അറംപറ്റിയ പോലെയായി ആ വാക്കുകൾ കിർക്കിന് എന്നുമാത്രം. കാരണം ഗൺ കൾച്ചറിനെ കുറിച്ചുള്ള ഒരു പൊതുസംവാദത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ഒരു തോക്കുടമസ്ഥൻ കൂടിയായ ചാർലി കിർക്ക് ടെയ്‌ലർ റോബിൻസണിന്റെ വെടിയുണ്ടയ്ക്കിരയായത്.
ഇനി കൊലയാളിയായ ടെയ്‌ലർ റോബിൻസണിലേക്ക് വരാം. യൂട്ടാ സംസ്ഥാനത്തെ ഡിക്‌സി ടെക്‌നിക്കൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയാണ് ടെയ്‌ലർ റോബിൻസൺ. റോബിൻസണിന്റെ അച്ഛനും അമ്മയും മാത്രമല്ല അടുത്ത ബന്ധുക്കളെല്ലാം കടുത്ത റിപ്പബ്ലിക്കൻ അനുഭാവികളാണ്. അപ്പോൾ പിന്നെ ഈ പശ്ചാത്തലത്തിൽ വളർന്നു വന്ന ഇയാൾക്ക് റിപ്പബ്ലിക്കനായ ചാർലി കിർക്കിനോട് എന്തിന് ശത്രുത വരണം? യൂട്ടാ ഗവർണറും റിപ്പബ്ലിക്കനുമായ സ്‌പെൻസർ കോക്‌സ് വളരെ നിസാരമായി അതിനുള്ള കാരണം പറയുന്നു. ഇടതുപക്ഷ ആശയങ്ങളുമായി ടെയ്‌ലർ റോബിൻസണ് വലിയ അടുപ്പമുണ്ടായിരുന്നവത്രെ. അതിന് ഒരു തെളിവും പക്ഷേ കോക്‌സിന് നിരത്താനായില്ല. ടെയ്‌ലർ റോബിൻസണും സ്വന്തമായി തോക്കുണ്ടായിരുന്നു എന്നും ഓർക്കണം. തോക്ക് കൈവശം വച്ചുള്ള ഒട്ടേറെ ചിത്രങ്ങളും റോബിൻസൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.ഗൺ കൾച്ചറിന് വേണ്ടി വാദിച്ച കിർക്കിനെ പിന്നെന്തിനാണ് തോക്ക് പ്രേമിയായ റോബിൻസൺ വെടിവച്ചത്? ഉത്തരമില്ല. ഇവിടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ ട്രംപിനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച തോമസ് മാത്യു ക്രൂക്‌സ് എന്ന 20 കാരനെ കുറിച്ചോർക്കേണ്ടത്. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കൗമാരക്കാരനായിരുന്നു ക്രൂക്‌സും. സാമ്രാജ്യത്വ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽ ക്രൂക്‌സിന് എതിർപ്പായിരുന്നുവെന്ന് പിന്നീട് പല വ്യാഖ്യാനങ്ങളും വന്നു. അമേരിക്കൻ സ്‌നൈപ്പർമാരുടെ വെടിയേറ്റ് ക്രൂക്‌സും പൊലിഞ്ഞതോടെ അതിലും വ്യക്തതയില്ലാതായി. ഏതായാലും അമേരിക്ക ചരിത്രത്തിന്റെ നാൽക്കവലയിലാണ്. അമേരിക്കൻ യുവത്വം രോഷാകുലരും ആശയക്കുഴപ്പത്തിൽ അകപ്പെട്ടവരുമാണോ? റോബിൻസൺ എങ്കിലും അതുപറയുമെന്നും ലോകം അതറിയുമെന്നും പ്രതീക്ഷിക്കാം.

