Headlines

ജെഎൻയുവിൽ അർധരാത്രി സംഘർഷം; വിസിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് നേരെ കല്ലേറ്

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) ജാതി അധിക്ഷേപം നടത്തിയ വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം. പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രതിഷേധക്കാർക്ക് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എബിവിപി പ്രവർത്തകരാണ് കല്ലേറിന് പിന്നിലെന്നും ഡൽഹി പോലീസ് അക്രമികളെ തടയാൻ തയ്യാറായില്ലെന്നും വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. നിലവിൽ ക്യാമ്പസിനുള്ളിൽ പോലീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്.

യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 16-ന് പുറത്തിറങ്ങിയ ഒരു പോഡ്‌കാസ്റ്റിൽ വൈസ് ചാൻസലർ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റ് നടത്തിയ വിവാദ പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണം. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനം ഇല്ലാതാക്കാൻ യുജിസി കൊണ്ടുവന്ന ചട്ടങ്ങളെ വിസി ‘യുക്തിരഹിതം’ എന്ന് വിശേഷിപ്പിച്ചിരുന്നു. ദളിതർക്കിടയിൽ ഒരുതരം ‘ഇരവാദം’ നിലനിൽക്കുന്നുണ്ടെന്നും ഇത് പുരോഗതിക്ക് തടസ്സമാണെന്നും കറുത്ത വർഗ്ഗക്കാർക്കിടയിലുണ്ടായിരുന്ന ഈ പ്രവണത ദളിതർ ഇങ്ങോട്ട് കൊണ്ടുവന്നതാണെന്നും അവർ പറഞ്ഞു. ഇരവാദം ഒരു താൽക്കാലിക മയക്കുമരുന്ന് പോലെയാണെന്നും വിസി കൂട്ടിച്ചേർത്തു.

വിസിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ജാതീയവുമാണെന്ന് ആരോപിച്ചാണ് വിദ്യാർത്ഥി യൂണിയൻ സമരത്തിനിറങ്ങിയത്. സർവകലാശാലകളിൽ കേന്ദ്ര സർക്കാർ നയങ്ങളെ എതിർക്കുന്നവരെ ‘ഭ്രാന്തന്മാർ’ എന്ന് വിസി വിശേഷിപ്പിച്ചതും വലിയ വിവാദമായിട്ടുണ്ട്. എന്നാൽ തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നാണ് വൈസ് ചാൻസലറുടെ വിശദീകരണം. വിസിക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ വിദ്യാർത്ഥി സംഘടനകളും അണിനിരക്കണമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു.

Leave a Reply