വ്യവസ്ഥകൾ പാലിക്കാത്തതിന് എച്ച്.ഡി.എഫ്.സി. ബാങ്കിന് റിസർവ് ബാങ്കിന്റെ പിഴ

ബാങ്കിങ് നിയമങ്ങളും വ്യവസ്ഥകളും കാര്യക്ഷമമായി പാലിക്കാത്തതിനെ തുടർന്ന് എച്ച്.ഡി.എഫ്.സി. ബാങ്കിന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) 91 ലക്ഷം രൂപ പിഴ ചുമത്തി. കെ.വൈ.സി. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് ഉൾപ്പെടെയുള്ള വ്യവസ്ഥാ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ആർ.ബി.ഐ. പത്രക്കുറിപ്പിൽ അറിയിച്ചു.

ബാങ്കിങ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ പാലിക്കുന്നതിൽ എച്ച്.ഡി.എഫ്.സി. പരാജയപ്പെട്ടു. കൂടാതെ, സാമ്പത്തിക സേവനങ്ങൾ ‘ഔട്ട്സോഴ്സ്’ ചെയ്യുന്നതുമായി ബന്ധപ്പെട്ട്, അപകടസാധ്യതകളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കുന്നതിനുള്ള ആർ.ബി.ഐ. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു. ഈ വീഴ്ചകൾക്കാണ് പിഴ ചുമത്തിയതെന്നും ആർ.ബി.ഐ. വ്യക്തമാക്കി.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കാണ് എച്ച്.ഡി.എഫ്.സി. 2024 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയെ തുടർന്നാണ് ഈ നടപടി. ബാങ്കിങ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ, ആർ.ബി.ഐ. നിർദേശങ്ങൾ എന്നിവ കൃത്യമായി പരിഗണിച്ചില്ലെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് ആർ.ബി.ഐ. നൽകിയ നോട്ടീസിന് ബാങ്ക് നൽകിയ മറുപടി തൃപ്തികരമായിരുന്നില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു.

ഒരേ വായ്പാ വിഭാഗത്തിൽ ബാങ്ക് ഒന്നിലധികം മാനദണ്ഡങ്ങൾ സ്വീകരിച്ചതായും ചില ഉപഭോക്താക്കളുടെ കെ.വൈ.സി. മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ ഔട്ട്സോഴ്സിങ് സേവനം തേടിയതായും ആർ.ബി.ഐ.യുടെ കണ്ടെത്തലിലുണ്ട്. ബാങ്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനം ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 6-ന് വിരുദ്ധമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തെന്നും റിസർവ് ബാങ്ക് കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply