ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇവന്റായ ജൈറ്റെക്സ് ഗ്ലോബൽ 2025-ന്റെ ആദ്യ ദിവസം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് ദുബായുടെ പവലിയൻ ശ്രദ്ധാകേന്ദ്രമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പവലിയൻ സന്ദർശിക്കുകയും ഡിജിറ്റൽ നൂതനവിദ്യകൾ വിലയിരുത്തുകയും ചെയ്തു.ഡയറക്ടറേറ്റ് പുതിയതായി അവതരിപ്പിച്ച ‘തുറന്ന എമിഗ്രേഷൻ ഗേറ്റ്’ എന്നറിയപ്പെടുന്ന സ്മാർട്ട് റെഡ് കാർപ്പെറ്റ് എമിഗ്രേഷൻ കോറിഡോർ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.ശൈഖ് മുഹമ്മദിനൊപ്പം ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് പ്രഥമ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാമത് ഉപഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അഹ്‌മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ഉണ്ടായിരുന്നു.

ജി ഡി ആർ എഫ് എ ദുബായുടെ പ്രധാന ഡിജിറ്റൽ സേവനങ്ങളെയും സാങ്കേതിക കണ്ടുപിടിത്തങ്ങളെയും കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ സംഘത്തിന് വിശദീകരണം നൽകി. ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ ചേർന്നാണ് ശൈഖ് മുഹമ്മദിനെയും മറ്റ് മറ്റുള്ളവരെയും ബൂത്തിൽ സ്വീകരിച്ചത്.
ഇവരുടെ സന്ദർശനവും പ്രശംസകളും തങ്ങളുടെ മികവിന്റെയും നൂതനാശയങ്ങളുടെയും യാത്ര തുടരാൻ വലിയ പ്രചോദനമായെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പ്രതികരിച്ചു. ജനങ്ങളെ തങ്ങളുടെ മുൻഗണനകളിൽ കേന്ദ്രബിന്ദുവായി നിലനിർത്തിക്കൊണ്ടാണ് സ്മാർട്ട് സർക്കാർ സേവനങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയെ വ്യക്തികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ ഉപകരണമാക്കി മാറ്റുക എന്ന സ്ഥാപനപരമായ കാഴ്ചപ്പാടാണ് ഇവിടെ പ്രതിഫലിക്കുന്നത്. സർക്കാർ സേവനങ്ങൾ രൂപകൽപ്പനയിൽ ഇന്റലിജന്റ് ആവുകയും അനുഭവത്തിൽ തടസ്സമില്ലാത്തവയാവുകയും ചെയ്യുക എന്നതാണ് ദുബായുടെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി ഡി ആർ എഫ് എ പവലിയൻ ഡസൻ കണക്കിന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന്, സമയവും പ്രയത്നവും ലാഭിക്കുന്നതും സുരക്ഷിതവുമായ ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നതുമായ പരസ്പരബന്ധിതമായ സേവനങ്ങൾ പവലിയനിൽ പ്രദർശിപ്പിക്കുന്നു.പവലിയനിലെ മികച്ച പ്രതികരണം, ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിച്ച സേവനങ്ങളിലുള്ള പൊതുതാൽപര്യം വ്യക്തമാക്കുന്നതായി ഡിജിറ്റൽ സർവീസസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ എക്‌സ്‌പേർട്ട് ഖാലിദ് ബിൻ മേദിയ അൽ ഫലാസി വിശദീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിത ഡാറ്റയും ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമവും മനുഷ്യ കേന്ദ്രീകൃതവുമായ ഒരു സർക്കാർ ഭാവി കെട്ടിപ്പടുക്കുന്നതിന് ജി ഡി ആർ എഫ് എ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

