തൊഴിലാളികൾക്കൊപ്പം പുതുവർഷത്തെ എതിരേറ്റ് ജി.ഡി.ആർ.എഫ്.എ

പുതുവത്സരത്തെ ആവേശത്തോടെയും പ്രതീക്ഷയോടെയും വരവേൽക്കാൻ ദുബായിലെ തൊഴിലാളികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് ഗംഭീരമായ ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ദുബായ് പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സുമായി സഹകരിച്ചാണ് വിപുലമായ ആഘോഷങ്ങൾ ഒരുക്കിയത്.രണ്ട് ദിവസങ്ങളിലയാണ് ആഘോഷം സംഘടിപ്പിച്ചത്.’കമ്മ്യൂണിറ്റി വർഷം’ എന്ന ആശയം പ്രായോഗികമായി നടപ്പിലാക്കുകയായിരുന്നു ആഘോഷം.വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത പരിപാടികൾ, സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും വലിയ ഉത്സവമായി മാറി.

ദുബായ് അൽ ഖുസിൽ നടന്ന പ്രധാന ആഘോഷവേദിയിൽ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും വിവിധ ബാൻഡുകളുടെ സംഗീത പരിപാടികളും അന്താരാഷ്ട്ര നൃത്തസംഘങ്ങളുടെ ആവേശകരമായ പ്രകടനങ്ങളും വിവിധ രാജ്യങ്ങളുടെ നാടൻ കലാരൂപങ്ങളും അരങ്ങേറി. ബോളിവുഡ് നടിമാരായ സരീൻ ഖാൻ, പൂനം പാണ്ഡേ, അനേരി വജാനി, തന്യ ദേശായി എന്നിവരും പ്രശസ്ത ഗായകരായ സ്നേഹ ഉപാധ്യായ, അങ്കുഷ് ഭരദ്വാജ് എന്നിവരും വേദിയിലെത്തി. ഡി.ജെ തസ്യ സ്റ്റെപാനോവയുടെ ഡി.ജെ പ്രകടനവും കലാപ്രദർശനങ്ങളും പുതുവത്സര രാത്രിയെ ഉത്സവാന്തരീക്ഷത്തിലാക്കി.

ആഘോഷത്തിന്റെ പ്രധാന ആകർഷണമായി അഞ്ചുലക്ഷം ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് തൊഴിലാളികൾക്ക് നെറുക്കെടുപ്പിലൂടെ നൽകിയത്. കാറുകൾ, സ്വർണ്ണ നാണയങ്ങൾ, സ്വർണ്ണക്കട്ടികൾ, മൊബൈൽ ഫോണുകൾ, യാത്രാ ടിക്കറ്റുകൾ തുടങ്ങിയ നിരവധി ആകർഷക സമ്മാനങ്ങളാണ് വിജയികളെ കാത്തിരുന്നത്. ആഘോഷത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി ഓൺലൈൻ പങ്കാളിത്തത്തിനും സൗകര്യം ഒരുക്കി. ‘ബ്ലൂ കണക്ട്’ ആപ്ലിക്കേഷൻ വഴിയും ലൈവ് സ്ട്രീമിംഗിലൂടെയും ഡിജിറ്റൽ ഇടപെടലുകളിലൂടെയും തൊഴിലാളികൾക്ക് പരിപാടികളിലും നെറുക്കെടുപ്പുകളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു.

അൽ ഖുസിനൊപ്പം ദുബായിലെ ജബൽ അലി, മുഹൈസിന തുടങ്ങിയ ലേബർ ക്യാമ്പുകളിലും ജി.ഡി.ആർ.എഫ്.എ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. പ്രധാന വേദിയായ അൽ ഖുസിൽ മാത്രം ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ആഫ്രിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നായി 20,000 ലധികം തൊഴിലാളികൾ പങ്കെടുത്തു.ഡിസംബർ 31ന് വൈകീട്ട് ആറിന് ആരംഭിച്ച ആഘോഷങ്ങൾ അർധരാത്രിവരെ നീണ്ടുനിന്നു.നേരിട്ടും ഓൺലൈനിലൂടെയും 50,000 ലധികം ആളുകൾ പരിപാടിയിൽ പങ്കുചേർന്നുവെന്ന് ജി ഡി ആർ എഫ് എ ദുബായ് അറിയിച്ചു.

ആഘോഷപരിപാടിയിൽ ജി.ഡി.ആർ.എഫ്.എ ദുബായിലെ ഉന്നത ഉദ്യോഗസ്ഥരും പ്രായോജകരും പങ്കെടുത്തു. തുടർച്ചയായ മൂന്നാം വർഷമാണ് തൊഴിലാളി സമൂഹത്തിനായി ഇത്തരമൊരു വിപുലമായ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നതെന്ന്.ദുബായിലെ വികസനത്തിന് വിയർപ്പേഴുക്കിയ സമൂഹത്തോടുള്ള ആദരവാണ് ഈ ആഘോഷമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. സൗജന്യ രജിസ്ട്രേഷനിലൂടെ എല്ലാ പരിപാടികളിലും നെറുക്കെടുപ്പുകളിലും തൊഴിലാളികൾക്ക് പങ്കെടുക്കാക്കാനും അവസരം ലഭിച്ചു. ആഘോഷ പരിപാടിയുടെ
സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കാൻ ദുബായ് പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് ടീമുകൾ, ദുബായ് മുനിസിപ്പാലിറ്റി, സന്നദ്ധ പ്രവർത്തകർ എന്നിവർ ഏകോപിതമായി പ്രവർത്തിച്ചു.ദുബായുടെ വികസനത്തിന് അഹോരാത്രം പ്രയത്നിക്കുന്ന തൊഴിലാളികളുടെ അദ്ധ്വാനത്തോടുള്ള ആദരവിന്റെയും കരുതലിന്റെയും പ്രതീകമായാണ് ഈ പുതുവത്സരാഘോഷങ്ങൾ വിലയിരുത്തപ്പെടുന്നത്. പുതുവർഷം സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ആരംഭിക്കാൻ വഴിയൊരുക്കിയ ഈ ആഘോഷം, ദുബായുടെ മാനവിക മുഖത്തെ വീണ്ടും ലോകത്തിനു മുന്നിൽ തെളിയിക്കുന്നതായിരുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply