ചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോൺ, ലാപ്ടോപ് വിലകൾ കുതിച്ചുയരുന്നു, അടുത്ത വർഷം 50% വർദ്ധനവ് പ്രതീക്ഷിക്കുന്നു

ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ, ലാപ്ടോപ് വിപണിയിൽ വില കുതിച്ചുയരുകയാണ്. മെമ്മറി ചിപ്പുകളുടെ ലഭ്യത കുറഞ്ഞതാണ് ഈ വില വർദ്ധനവിന് പ്രധാന കാരണം. ഈ വർഷം മാത്രം ഉപകരണങ്ങളുടെ വിലയിൽ പത്ത് ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ജനുവരി മുതൽ മെമ്മറി ചിപ്പുകളുടെ വിലയിൽ 50% വർദ്ധനവുണ്ടായിട്ടുണ്ട്. അടുത്ത വർഷത്തോടെ ചിപ്പുകളുടെ വില വീണ്ടും 50 ശതമാനം വരെ ഉയരുമെന്നാണ് സൂചന. ഇതോടെ അടുത്ത വർഷം സ്മാർട്ട്‌ഫോണുകളും ലാപ്ടോപ്പുകളും വാങ്ങുന്നവർ ഉയർന്ന വില നൽകേണ്ടിവരും.

യുഎസിലെ മൈക്രോൺ ടെക്‌നോളജി, ദക്ഷിണ കൊറിയയിലെ സാംസങ്, എസ്.കെ ഹൈനിക്‌സ് തുടങ്ങിയ കമ്പനികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ ഉയർന്ന ബാൻഡ്‌വിഡ്ത്തുള്ള ചിപ്പുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതാണ് വില വർദ്ധനവിന് തുടക്കം കുറിച്ചത്. എൻവിഡിയയുടെ ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റുകളിലാണ് ഉയർന്ന സംഭരണ ശേഷിയുള്ള ഈ ചിപ്പുകൾ കൂടുതലായി ഉപയോഗിക്കുന്നത്. ഇത് വില കുറഞ്ഞ സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന സാധാരണ ചിപ്പുകളുടെ ക്ഷാമത്തിന് കാരണമായി.

ഒരു സ്മാർട്ട്‌ഫോൺ നിർമ്മാണത്തിൽ ഏറ്റവും ചെലവേറിയ ഘടകങ്ങളിലൊന്ന് ചിപ്പുകളാണ്. ഉത്പാദനച്ചെലവിന്റെ 15 ശതമാനം വരെ മെമ്മറി ചിപ്പുകൾക്കായി മാത്രം ചെലവഴിക്കേണ്ടി വരും. ഒരു ബഡ്ജറ്റ് സ്മാർട്ട്‌ഫോണിലോ ലാപ്‌ടോപ്പിലോ ഉപയോഗിക്കുന്ന മെമ്മറി ചിപ്പിന് ഏകദേശം 30 മുതൽ 60 ഡോളർ (ഏകദേശം 2,689 മുതൽ 5,378 രൂപ വരെ) ആണ് വില.

ചിപ്പ് ക്ഷാമം കാരണം പ്രധാനമായും 20,000 രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോണുകളുടെയും 50,000 രൂപയിൽ താഴെയുള്ള ലാപ്ടോപ്പുകളുടെയും വിലയാണ് വർദ്ധിക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും പകുതിയിലധികവും ഈ വില നിലവാരത്തിൽ പെടുന്നവയായിരുന്നു. 50,000 രൂപ എന്നത് ലാപ്ടോപ്പ് വിപണിയിലെ ഒരു ‘സെൻസിറ്റീവ് പ്രൈസ് പോയിന്റ്’ ആയതിനാൽ, വില 10% വർദ്ധിപ്പിച്ചാൽ പോലും പല ഉപഭോക്താക്കളും വാങ്ങൽ മാറ്റിവെച്ചേക്കുമെന്ന് ഐ.ഡി.സി ഇന്ത്യ ഗവേഷണ മാനേജർ ഭരത് ഷേണായി അഭിപ്രായപ്പെട്ടു.

മൊബൈൽ ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഉപയോഗിക്കുന്ന എൽ.പി.ഡി.ഡി.ആർ.4എക്സ് (LPDDR4X) ചിപ്പുകളുടെയും പവർ ഓഫ് ചെയ്താലും ഡാറ്റ നിലനിർത്തുന്ന നാൻഡ് ഫ്ലാഷ് സ്റ്റോറേജ് ചിപ്പിന്റെയും വിലയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. എഐ ഡാറ്റാ സെന്ററുകൾക്ക് ഉയർന്ന ബാൻഡ്‌വിഡ്ത്തുള്ള ചിപ്പുകൾ നിർമ്മിക്കുന്നതാണ് കമ്പനികൾക്ക് കൂടുതൽ ലാഭകരമെന്ന് കൗണ്ടർപോയിന്റ് റിസർച്ചിലെ അനലിസ്റ്റ് പർവ് ശർമ്മ ചൂണ്ടിക്കാട്ടി.

മെമ്മറി, സ്റ്റോറേജ് ഘടകങ്ങൾക്ക് ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ, സ്മാർട്ട്‌ഫോൺ കമ്പനികൾ ഒന്നുകിൽ ഉൽപ്പന്നങ്ങളുടെ ഫീച്ചറുകൾ കുറയ്ക്കുകയോ അല്ലെങ്കിൽ വില വർദ്ധിപ്പിക്കുകയോ ചെയ്യേണ്ടിവരുമെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിർമ്മാണച്ചെലവ് വർദ്ധിച്ചതിനാൽ വില കൂട്ടാതിരിക്കാൻ നിർവാഹമില്ലെന്ന് ചൈനീസ് കമ്പനിയായ ഷവോമി പ്രസിഡന്റ് ലു വെയ്ബിങ് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചതിന് പിന്നാലെ കമ്പനി ഉപഭോക്താക്കളിൽ നിന്ന് വൻ പ്രതിഷേധം നേരിട്ടിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply