ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രാനുഭവം കൂടുതൽ വേഗത്തിലും തടസ്സമില്ലാതെയും ആക്കിയ ‘റെഡ് കാർപെറ്റ് – സ്മാർട്ട് കോറിഡോർ’ പദ്ധതിയുടെ സാങ്കേതിക പങ്കാളിയായ എമറാടെകിനെ (Emaratech) ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് (GDRFA Dubai) ആദരിച്ചു.യാത്രാ രേഖകൾ ഹാജരാക്കേണ്ടതില്ലാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ച് സുതാര്യമായ യാത്രാനുഭവം നൽകുന്ന ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിൽ എമറാടെകിന്റെ നിർണായക പങ്ക് പരിഗണിച്ചാണ് ആദരം.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബൽ 2025 പ്രദർശന വേദിയിലായിരുന്നു ആദര ചടങ്ങ്.ജി.ഡി.ആർ.എഫ്.എ.-ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, എമറാടെക് ഡയറക്ടർ ജനറലും സി.ഇ.ഒ.യുമായ താനി അൽ സഫീന് ആദരമൊമന്റോ കൈമാറി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ആദരം എമറാടെകുമായുള്ള ദീർഘകാല തന്ത്രപരമായ സഹകരണത്തിനോടുള്ള ആദരസൂചനയാണെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ദുബായിലെ സ്മാർട്ട് യാത്രാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ എമറാടെക് നൽകിയ നൂതന സാങ്കേതിക പിന്തുണ വലിയ പങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി. “റെഡ് കാർപെറ്റ് പദ്ധതി, മനുഷ്യകേന്ദ്രിത സമീപനം ഉൾക്കൊള്ളുന്ന സർക്കാർ–സാങ്കേതിക സഹകരണത്തിന്റെ മികച്ച മാതൃകയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.ഡി.ആർ.എഫ്.എ.-ദുബായും എമറാടെകും ചേർന്ന് ദുബായിലൂടെ സഞ്ചാരാനുഭവം കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്ന പരിഹാരങ്ങൾ വികസിപ്പിച്ചുവെന്ന് അൽ മർറി പറഞ്ഞു. “ഡിജിറ്റൽ സേവനങ്ങൾ എളുപ്പമായ ജീവിതത്തിനായി” എന്ന ജൈടെക്സിലെ ജി.ഡി.ആർ.എഫ്.എ.-ദുബായുടെ പ്രമേയം ഈ സംരംഭം പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആദരവിന് നന്ദി രേഖപ്പെടുത്തിയ എമറാടെക് ഡയറക്ടർ ജനറൽ താനി അൽ സഫീൻ, “ജി.ഡി.ആർ.എഫ്.എ.-ദുബായുമായുള്ള സഹകരണം ദുബായിയുടെ പുരോഗതിയെ പ്രതിനിധീകരിക്കുന്ന സ്ഥാപനപരമായ കൂട്ടായ്മയുടെ ആത്മബന്ധമാണ്,” എന്നും “റെഡ് കാർപെറ്റ് പദ്ധതിയിൽ സാങ്കേതിക പങ്കാളികളായതിൽ അഭിമാനമുണ്ട്; ഇത് സ്മാർട്ട് ട്രാവൽ പരിഹാരങ്ങളിൽ ദുബായിയെ ആഗോളതലത്തിൽ ഒരു മാതൃകയായി ഉയർത്തി,” എന്നും അദ്ദേഹം പറഞ്ഞു.
ദുബായിയുടെ കാഴ്ചപ്പാട് പിന്തുണച്ച് ആളുകളെ ഓരോ യാത്രാനുഭവത്തിന്റെയും കേന്ദ്രത്തിൽ നിർത്തുന്ന ഡിജിറ്റൽ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനായി സഹകരണം തുടരുമെന്നും താനി അൽ സഫീൻ ഉറപ്പിച്ചു. ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് യാത്രാ പരിഹാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ് ‘റെഡ് കാർപെറ്റ് – സ്മാർട്ട് കോറിഡോർ’ പദ്ധതി. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിലൂടെ യാത്രക്കാർക്ക് നിമിഷങ്ങൾക്കുള്ളിൽ കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്ന ഈ സംവിധാനം, സാങ്കേതികവിദ്യയും മനുഷ്യസൗഹൃദ സേവനങ്ങളും തമ്മിലുള്ള മികച്ച ഐക്യത്തിന്റെ ഉദാഹരണമായി ദുബായിയുടെ ആഗോള നേതൃത്വപദവിക്ക് കരുത്തേകുന്നതായും ജി.ഡി.ആർ.എഫ്.എ.-ദുബായ് വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

