സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചന സമരം. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടുന്നത് ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് പണിമുടക്ക്. സമരം ഒഴിവാക്കാൻ ഗതാഗത കമ്മീഷണർ ബസുടമകളുമായി ഇന്നലെ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
അതേസമയം സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്ക് ബുധനാഴ്ചയാണ്. ബസുകൾക്ക് പുറമെ ടാക്‌സികളും നാളെ ഓടില്ല. ബാങ്കിങ്, ഇൻഷുറൻസ് അടക്കം പൊതുമേഖല സ്ഥാപനങ്ങളെയും നാളത്തെ പണിമുടക്ക് ബാധിക്കും. അവധി പ്രഖ്യാപിക്കില്ലെങ്കിലും ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും പ്രതിസന്ധിയിലാകും.

