പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിൻ ഗുഡാൾ (91) അന്തരിച്ചു. ചിമ്പാൻസികളെ കുറിച്ചുള്ള പഠനത്തിലൂടെ ലോകമറിഞ്ഞ വ്യക്തിയാണ് ജെയിൻഗുഡാൾ. കാലിഫോർണിയിൽ വച്ചാണ് അന്ത്യം. ചിമ്പാൻസികളെ കുറിച്ചുള്ള പഠനങ്ങൾക്ക് തന്റെ ജീവിതം മാറ്റിവച്ച വ്യക്തി എന്ന നിലയിൽ ലോകം ശ്രദ്ധിച്ച വ്യക്തിത്വമാണ് ജെയിൻ ഗുഡാൾ. ചിമ്പാൻസികൾക്ക് ഒരു ഉപകരണം ഉപയോഗിക്കാൻ കാര്യക്ഷമമായി കഴിയും എന്ന് ആദ്യമായി രേഖപ്പെടുത്തിയ വ്യക്തിയാണ് ഗുഡാൾ.
പോപുലർ കൾച്ചർ, നാഷണൽ ജിയോഗ്രഫി തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഗുഡാലിനെ ലോകമറിഞ്ഞത്. യുഎൻ, ഗ്രീൻപീസ് എന്നിവയുമായും ചേർന്നു പ്രവർത്തിച്ചു. ചിമ്പാൻസികളെ സംരക്ഷിക്കാൻ അതിന്റെ ആവാസ വ്യവസ്ഥയും സംരക്ഷിക്കപ്പെടണം എന്ന ആശയം ലോകത്തെ ബോധ്യപ്പെടുത്താൻ ആയിരുന്നു ജെയിൻ ഗുഡാൾ ജീവിതം മാറ്റിവച്ചത്. ഇതിനായി ലോകം മുഴുവൻ സഞ്ചരിച്ച അവർ ഇത്തരം ഒരു യാത്രയ്ക്കിടെയാണ് കാലിഫോർണിയയിൽ വച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.
1934 ഏപ്രിൽ 3 ന് ബ്രിട്ടനിലെ ഹാംപ്സ്റ്റഡിൽ ആയിരുന്നു ഗുഡാലിന്റെ ജനനം. ബ്രിട്ടന്റെ കീഴിലായിരുന്ന ടാൻസാനിയയിൽ നിന്നായിരുന്നു ഗുഡാൾ ചിമ്പാൻസികളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. 1960 ജൂണിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം ഗെയിം റിസർവിൽ പ്രവേശിച്ച ഗുഡാൾ പിന്നീട് 20 വർഷങ്ങൾ കൊടുംകാടിനുള്ളിൽ ചിമ്പാൻസികൂട്ടത്തോടൊപ്പം ജീവിച്ച് അവയുടെ പെരുമാറ്റം, പ്രകടനങ്ങൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചു. മനുഷ്യരെപ്പോലെതന്നെ കുടുംബ സാമൂഹികബന്ധങ്ങൾ പുലർത്തുന്ന അവയുടെ ബുദ്ധിപരവും വൈകാരികവുമായ പലതലങ്ങൾ ഗുഡാൾ ആണ് കണ്ടെത്തിയത്. നാഷണൽ ജിയോഗ്രഫിക് സൊസൈറ്റി ഡോക്യുമെന്ററിയിലൂടെ ഈ ദൗത്യത്തെക്കുറിച്ച് ലോകത്തെയറിയിച്ചു. ഷാഡോസ് ഓഫ് മാൻ, ചിമ്പാൻസീസ് ഓഫ് ഗോംബെ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും ഗുഡാൾ രചിച്ചു. നിരവധി പുരസ്‌കാരങ്ങളും ഗുഡാലിനെ തേടിയെത്തിയിട്ടുണ്ട്.

