Headlines

എന്നെ നോക്കി പുഞ്ചിരിക്കുന്നു; ശ്രീദേവിയുടെ ഓർമ്മകളിൽ ബോണി കപൂർ; വൈറലായി പഴയ ചിത്രം

ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരമായ ശ്രീദേവിയുടെ ഓർമ്മകൾ പങ്കുവെച്ച് ഭർത്താവും നിർമാതാവുമായ ബോണി കപൂർ. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ശ്രീദേവിയുടെ ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബോണി കപൂർ ആരാധകരെ വീണ്ടും ആ നായികയുടെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ‘എന്നെ നോക്കി പുഞ്ചിരിക്കുന്നു, ഇത് ഞങ്ങളുടെ വിവാഹത്തിന് മുൻപുള്ള ചിത്രമാണ്’ എന്ന സ്‌നേഹനിർഭരമായ കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്.

ശ്രീദേവിയും ബോണി കപൂറും 1996 ജൂണിലാണ് വിവാഹിതരായത്. 2018 ഫെബ്രുവരിയിൽ ദുബായിലെ ഒരു ഹോട്ടലിൽ വെച്ച് ശ്രീദേവി അപ്രതീക്ഷിതമായി മരണപ്പെട്ടത് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു. അവരുടെ മക്കളായ ജാൻവി കപൂറും ഖുഷി കപൂറും ഇപ്പോൾ ബോളിവുഡിൽ സജീവമാണ്. ജാൻവി 2018-ൽ ‘ധടക്’ എന്ന സിനിമയിലൂടെയും ഖുഷി 2023-ൽ ‘ദി ആർച്ചീസ്’ എന്ന സിനിമയിലൂടെയും അഭിനയരംഗത്തേക്ക് കടന്നുവന്നു.

ഈ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ശരീരഭാരം കുറച്ചതിനെക്കുറിച്ച് ബോണി കപൂർ സംസാരിച്ചിരുന്നു. ശ്രീദേവി എപ്പോഴും തന്റെ ഭാരം കുറയ്ക്കാൻ ആഗ്രഹിച്ചിരുന്നു എന്നും താൻ അതിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം ഓർത്തെടുത്തു. ‘ഞാൻ അവളോടൊപ്പം നടക്കാനും ജിമ്മിൽ പോകാനും ശ്രമിച്ചിരുന്നു. എപ്പോൾ, എന്ത് കഴിക്കണം എന്നതിനെക്കുറിച്ച് അവൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. എനിക്കത് അന്ന് സാധിച്ചില്ല. എന്നാൽ ഇപ്പോൾ ഞാൻ അത് ചെയ്യുന്നു. അവൾ ഇപ്പോഴും എന്റെ കൂടെയുണ്ടെന്ന തോന്നലാണ് എന്റെ ശക്തി,’ ബോണി കപൂർ വൈകാരികമായി പറഞ്ഞു.

Leave a Reply