ബിഹാർ വോട്ടർ പട്ടിക പുനഃപരിശോധനാ പ്രക്രിയയുടെ ഭാഗമായി 52 ലക്ഷം പേരുകൾ നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. മരിച്ചവർ, താമസം മാറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തവർ എന്നിവരാണ് പുറത്താക്കപ്പെട്ടവരിൽ പ്രധാനമായും ഉൾപ്പെടുന്നത്.
പുറത്താക്കിയവരുടെ വിശദാംശങ്ങൾ ഇങ്ങനെ:
മരിച്ച വോട്ടർമാർ: 18 ലക്ഷം
മറ്റ് മണ്ഡലങ്ങളിലേക്ക് താമസം മാറിയവർ: 26 ലക്ഷം
ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തവർ: 7 ലക്ഷം
അതേസമയം, യോഗ്യരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തിക്കൊണ്ട് ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരം വോട്ടർമാർക്ക് ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകി. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ ഒന്നു വരെ ഒരു മാസക്കാലം, കരട് വോട്ടർ പട്ടികയിലെ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ, തിരുത്തലുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ആക്ഷേപങ്ങൾ സമർപ്പിക്കാം. ഈ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം സെപ്റ്റംബർ 30-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
കൂടാതെ, എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാത്തതും വിലാസങ്ങളിൽ കണ്ടെത്താൻ കഴിയാത്തതുമായ വോട്ടർമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കമ്മീഷൻ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവർ രാഷ്ട്രീയ പാർട്ടികളുമായി യോഗങ്ങൾ ചേർന്നിട്ടുണ്ട്. അപേക്ഷകൾ ലഭ്യമല്ലാത്ത 21.36 ലക്ഷം വോട്ടർമാരുടെ പട്ടികയും അവർ രാഷ്ട്രീയ പാർട്ടികളുമായി പങ്കുവെച്ചിട്ടുണ്ട്.

