ഏഷ്യാ കപ്പ് കിരീട കൈമാറ്റവുമായി ബന്ധപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പിസിബി (പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്) ചെയർമാനുമായ മുഹസിൻ നഖ്വിക്കെതിരെ ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) രംഗത്ത്. ട്രോഫിയും മെഡലുകളും എത്രയും വേഗം ഇന്ത്യക്ക് കൈമാറണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു.
ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ടീം കിരീടം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് എസിസി ചെയർമാൻ മൊഹ്സിൻ നഖ്വി വേദിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങിയ നടപടി അപലപനീയമാണെന്ന് ബിസിസിഐ നിലപാടെടുത്തു. നടപടിയെ വിമർശിച്ചുകൊണ്ട് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ രംഗത്തെത്തി. പാകിസ്ഥാനിലെ പ്രമുഖ നേതാവിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കാതിരുന്നത്. എന്നാൽ, പിസിബി ചെയർമാന് ട്രോഫി കൈവശം വെക്കാൻ അതിന് അർത്ഥമില്ലെന്നും ട്രോഫിയും മെഡലുകളും എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും സൈകിയ വ്യക്തമാക്കി. നവംബറിൽ നടക്കുന്ന അടുത്ത അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ബോർഡ് യോഗത്തിൽ ബിസിസിഐ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ട്രോഫി ഏറ്റുവാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ നിലപാട് കാരണം സമ്മാനദാന ചടങ്ങ് ഏകദേശം 90 മിനിറ്റാണ് വൈകിയത്. പിന്നീട് നടന്ന ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റന് പകരം എസിസി ചെയർമാൻ ട്രോഫി കൈവശം വയ്ക്കുകയായിരുന്നു. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു എന്ന് പ്രതികരിച്ച ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്, തന്റെ യഥാർത്ഥ ട്രോഫി സഹതാരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുമാണെന്നും പ്രസ്താവിച്ചു. കൂടാതെ, മാച്ച് ഫീ ഇന്ത്യൻ സേനയ്ക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ദുബായിൽ സംഭവിച്ചത് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണെന്ന് സൂര്യകുമാർ യാദവ് ചൂണ്ടിക്കാട്ടി. ‘കഠിനാധ്വാനം ചെയ്താണ് ഞങ്ങൾ കിരീടം നേടിയത്. അത് എളുപ്പമായിരുന്നില്ല. തുടർച്ചയായ ദിവസങ്ങളിൽ പോലും കളിക്കേണ്ടിവന്നു. കിരീടം ഞങ്ങൾക്ക് അർഹതപ്പെട്ടതാണ്. കളിക്കാരും സപ്പോർട്ടിംഗ് സ്റ്റാഫുമാണ് യഥാർത്ഥ ട്രോഫികൾ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

