ബഹ്റൈനിൽ ബോട്ട് ജെട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ നിർദേശം
കടത്തുവള്ളങ്ങൾ, വിനോദ മത്സ്യബന്ധനം, സമുദ്ര കായിക വിനോദങ്ങൾ എന്നിവ ഉൾപ്പെടുന്ന പുതിയ ആധുനീകരണ പദ്ധതികൾക്ക് കീഴിൽ ബഹ്റൈനിലെ ബോട്ടുജെട്ടികളെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ നിർദേശം. ജെട്ടികൾ വികസിപ്പിക്കുന്നതിലൂടെ നിക്ഷേപ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച കൗൺസിലർ മുഹമ്മദ് അൽ ദോസരിയുടെ നിർദേശം നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു.
ഫെറികൾ, റെസ്റ്റാറന്റുകൾ, അക്വാ തീം പാർക്കുകൾ, മറ്റു സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. സിത്ര, ബുദയ്യ, ഗലാലി, ഹിദ്ദ്, മുഹറഖ് എന്നിവിടങ്ങളിലാണ് ബഹ്റൈനിലെ പ്രധാന ജെട്ടികൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ ആദ്യം ബുദയ്യയിൽ പദ്ധതി നടപ്പിലാക്കുമെന്ന് അൽ ദോസരി അറിയിച്ചു. പരമ്പരാഗത തടി ബോട്ടുകൾ ഫെറി സർവിസിന് ഉപയോഗിക്കുന്നത് സഞ്ചാരികളെ ആകർഷിക്കുമെന്നും ഇതിലൂടെ ബോട്ടുജെട്ടികൾ വിനോദ സഞ്ചാരത്തിന്റെ സാധ്യത വർധിപ്പിക്കുമെന്നും കരുതുന്നതായി അൽ ദോസരി പറഞ്ഞു. പ്രാദേശിക പാനീയങ്ങളും കടൽ വിഭവങ്ങളും നൽകുന്ന പരമ്പരാഗത കഫേകളും റസ്റ്റാറന്റുകളും, ഹോട്ട് എയർ ബലൂണുകൾ, പട്ടം പറത്തൽ എന്നിവപോലുള്ള വിനോദ പരിപാടികളും മത്സ്യബന്ധന പര്യവേഷണം, സ്കൂബ ഡൈവിങ് എന്നിവക്കുള്ള കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാണ്.
നിലവിൽ ഭൂരിഭാഗം ജെട്ടികളും മത്സ്യത്തൊഴിലാളികൾ ഡോക്കിങ് ഏരിയകളായും വെയർഹൗസായും ഉപയോഗിക്കുകയാണ്. ഇനിമുതൽ ജെട്ടികൾ അത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും അൽ ദോസരി പറഞ്ഞു.